അടിമാലി: വനംവകുപ്പിന് കീഴിലെ വിവിധ റേഞ്ചുകളിൽ ഈറ്റവെട്ട് പുനരാരംഭിക്കാത്തത് കാരണം നൂറുകണക്കിന് തൊഴിലാളികൾ പട്ടിണിയിലായി. ഈറ്റവെട്ട് തൊഴിലിനെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിച്ചിരുന്ന കുടുംബങ്ങളാണ് പിടിച്ചുനിൽക്കാനാവാതെ ദുരിതത്തിലായിരിക്കുന്നത്. ഓഫ് സീസണിൽ നിറുത്തിവച്ച ഈറ്റവെട്ട് പുനരാരംഭിക്കുന്നതിൽ വനംവകുപ്പിന്റെ ഭാഗത്തെ കാലതാമസവും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണം. നേര്യമംഗലം, അടിമാലി, ആനക്കുളം വനമേഖലകളിൽ നിന്നും ശേഖരിക്കുന്ന ഈറ്റ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കാണ് കയറ്റി അയച്ചിരുന്നത്. ഇത്തവണ ഈ മൂന്ന് റേഞ്ചുകളിൽ നിന്നും ഈറ്റ വെട്ടുന്നതിനുള്ള കരാർ നടപടികൾ ആരംഭിച്ചെങ്കിലും അത് പൂർത്തിയായില്ല. മുമ്പ് പതിനയ്യായിരം ടൺ ഈറ്റവരെ ഇവിടെനിന്ന് വെട്ടി നൽകിയിരുന്നു. അന്ന് 12 മാസവും ജോലിയുണ്ടായിരുന്നു. പിന്നീട് ന്യൂസ് പ്രിൻ്റിനുള്ള അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ആരംഭിച്ചതോടെ വെട്ടുന്ന ഈറ്റയുടെ അളവ് കുറച്ചു. അതോടൊപ്പം തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും വെട്ടികുറച്ചു. ഒരു വർഷം ആറ് മാസം മാത്രമാണ് ഇപ്പോൾ ഈറ്റവെട്ട് നടക്കുന്നത്. നാലായിരം ടൺ ഈറ്റവെട്ടാനായിരുന്നു നടപ്പ് സാമ്പത്തിക വർത്തെ കരാർ. അതുതന്നെ എങ്ങുമെത്താതെ വന്നതോടെയാണ് തൊഴിലാളികൾ പ്രതിസന്ധിയിലായത്.