അടിമാലി: കഴിഞ്ഞ 30 വർഷം തന്നെ നാല് ചുമരുകൾക്കുള്ളിലെ കട്ടിലിലാക്കിയ 1988 ഡിസംബർ ഏഴിലെ ആ വൈകുന്നേരം രാജന് ഒരിക്കലും മറക്കാനാവില്ല. മുരിക്കാശേരി പാവനാത്മ കോളേജിൽ പി.ഡി.സിക്ക് പഠിക്കുന്ന കാലത്തെ ഒരു ബസ് യാത്രയാണ് കീരിത്തോട് പുളിമൂട്ടിൽ രാജന്റെ ജീവിതം മാറ്റിമറിച്ചത്. രാജന്റെ മാത്രമല്ല ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തിയ ദുരന്തമായിരുന്നു അത്. നിറയെ യാത്രക്കാരുമായി മുരിക്കാശേരിയിൽ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്നു ആ സ്വകാര്യ ബസ്. യാത്രക്കാരിലേറെയും വിദ്യാർത്ഥികൾ. വൈകിട്ട് 4.30ന് ഉപ്പുതോട് ചാലിസിറ്റിക്ക് സമീപമുള്ള കുത്തിറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എട്ട് പെൺകുട്ടികളടക്കം 10 വിദ്യാർത്ഥികൾ ആ അപകടത്തിൽ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേർക്ക് അംഗവൈകല്യങ്ങൾ സംഭവിച്ചു. രാജന്റെ നട്ടെല്ല് തകർന്ന് അരയ്ക്ക് താഴെ തളർന്ന് അന്ന് മുതൽ കിടന്ന കിടപ്പാണ്. ഇതിനിടെ വൃക്കയ്ക്ക് പഴുപ്പും ബാധിച്ചു. സ്പർശനശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് യഥാസമയം വേദന അറിഞ്ഞില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗൗരവം മനസിലായത്. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രതിസന്ധി തരണം ചെയ്യാനായിട്ടില്ല. അന്ന് അപകടത്തിൽ പരിക്കേറ്റ സഹപാഠിയായിരുന്ന തടിയമ്പാട് സ്വദേശിനി സുജാതയും തന്നെപോലെ ശരീരം തളർന്ന് കിടക്കുന്നതായി രാജൻ പറഞ്ഞു. അപകടത്തിൽപ്പെട്ട ബസിന്റെ ഇൻഷുറൻസ് അപകടത്തിന് തലേന്ന് കാലാവധി തീർന്നതിനാൽ ക്ലെയിം കിട്ടുന്നതിൽ തടസം നേരിട്ടു. പിന്നീട് 1993ൽ കോടതി 1.5 ലക്ഷം രൂപ അനുവദിച്ചതായി പിതാവ് സഹദേവൻ പറഞ്ഞു. ചെറിയ തോതിൽ വ്യാപാരം ചെയ്തും കൂലിവേല ചെയ്‌തും പിതാവ് സഹദേവനാണ് കുടുംബം പോറ്റിയിരുന്നത്. സഹദേവന്റെ ഭാര്യയും രോഗിയായതോടെ വലിയ ബുദ്ധിമുട്ടിലായി. ഇരുവർക്കുമായി പ്രതിമാസം 40,000 രൂപ മരുന്നുകൾക്കടക്കം ചെലവ് വരും. രാജനെ കോളേജിൽ പഠിപ്പിച്ച ചില അദ്ധ്യാപകരുടെയും സഹപാഠികളുടെയും സഹായംകൊണ്ടാണ് ഇതുവരെ ജീവിതം മുന്നോട്ടു നീക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 60,000 രൂപ സഹായം ലഭിച്ചതല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കരുണതേടി കാത്തിരിക്കുകയാണ് തങ്ങളെന്ന് പിതാവ് സഹദേവൻ പറഞ്ഞു.