അടിമാലി: അടിമാലിയിലെ ഫുട്‌ബോൾ പ്രേമികൾക്കാവേശം പകർന്ന് ഹൈറേഞ്ച് ഫുട്‌ബോൾ ക്ലബ്ബ് സംഘടിപ്പിച്ചിട്ടുള്ള ഫുട്‌ബോൾമേള 2019 ന് ഇന്ന് തിരശീല വീഴും. കാൽപ്പന്താവേശത്തിന് വാനോളം ആരവം നൽകിയാണ് ജനുവരി 26 മുതൽ അടിമാലി ദേവിയാർ കോളനി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈറേഞ്ച് എഫ് സി ഫ് ലൈറ്റ് ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 8 ടീമുകൾ മാറ്റുരച്ച മത്സരം ഇന്ന് സമാപിക്കും.സമാപന സമ്മേളനം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുമെന്ന് ഹൈറേഞ്ച് ഫുട്‌ബോൾ ക്ലബ്ബ് പ്രസിഡന്റ് എം എ അൻസാരി പറഞ്ഞു. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് കാണികൾ മത്സരത്തിന് നൽകി വന്നിരുന്നത്. വിദേശ താരങ്ങളും സന്തോഷ് ട്രോഫി ഫുട്‌ബോൾ താരങ്ങളും വിവിധ ടീമുകൾക്കായി ഏറ്റുമുട്ടാൻ കളത്തിലിറങ്ങിയിരുന്നു. ഇരുപതിനായിരത്തി ഒന്ന് രൂപയും എവറോളിംഗ് ട്രോഫിയുമാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. എസ്. രാജേന്ദ്രൻ എം.എൽ.എ , ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.