ഇടുക്കി : അടിമാലി സർക്കാർ ഹൈസ്‌ക്കൂളിന്റെ 70ാംമത് വാർഷികാഘോഷവും നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടന്നു. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകി ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയം പണികഴിപ്പിച്ചത്. വാർഷികാഘോഷവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നിർവഹിച്ചു. 35 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച അദ്ധ്യാപിക ടി.ജി. വത്സലക്ക് ചടങ്ങിൽ യാത്ര അയപ്പും ഉപഹാരവും നൽകി. മുൻ പ്രഥമാദ്ധ്യാപിക ടി.എസ്. സൈനാബീവി ഓഡിറ്റോറിയത്തിനായുള്ള കർട്ടൻ സമർപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാലയത്തിലെ മികച്ച പ്രതിഭകളെ ആദരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.