ചെറുതോണി : വാത്തിക്കുടി മാതൃക ഊർജ്ജ കാര്യക്ഷമ ഗ്രാമ പഞ്ചായത്താകുന്നു.
ഇതിൻ്റെ പ്രഖ്യാപനം നാളെ രാവിലെ 11ന് നടക്കുമെന്ന് പ്രസിഡന്റ് പി.കെ രാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രദീപ് ജോർജ് എന്നിവർ അറിയിച്ചു. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ ആദ്യഘട്ടമാണ് ഉദ്ഘാടനം നടക്കുന്നത്. ഇതനുസരിച്ച് ഗ്രാമപഞ്ചായത്തിലെ 360 ഓളം തെരുവു വിളക്കുകൾ എൽ.ഇ.ഡി ബൾബുകളാക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് അതിർത്തിയായ ചാലിസിറ്റി മുതൽ പ്രകാശ് വരെ വൈദ്യുതി പോസ്റ്റുകളിൽ 200 എൽ.ഇ.ഡി വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ജോലികൾ അതിവോഗം നടന്നുവരികയാണ്. പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്ക് 2 എൽ.ഇ.ഡി ബൾബുകൾ വീതം വിതരണംചെയ്യും. ഒരു ബൾബിന് 50 രൂപ പ്രകാരം സൗജന്യ നിരക്കിലാണ് നൽകുന്നത്. ഇതോടെ പഞ്ചായത്തിലെ വൈദ്യുതി ഉപയോഗം പകുതിയായി കുറയും. ഈ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്താണ് വാത്തിക്കുടി. സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പഞ്ചായത്താക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മുരിക്കാശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം മണി പ്രഖ്യാപനം നടത്തും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ ജോയിസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ഇ.എം.സി. ഡയറക്ടർ ഉണ്ണിത്താൻ പദ്ധതി വിശദീകരണം നടത്തും.