തൊടുപുഴ : അമിതവേഗത്തിൽ വളവ് തിരിച്ച കെ.എസ്.ആർ.ടി.സി ബസിലെ സീറ്റിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ഡ്രൈവറുടെ വക അസഭ്യവർഷവും ഭീഷണിയും. വളവ് വരുമ്പോഴെങ്കിലും കുറച്ച് സ്പീഡ് കുറച്ചുകൂടെ എന്ന് ചോദിച്ച യാത്രക്കാരിയോടാണ് മര്യാദയ്ക്കിരുന്നില്ലെങ്കിൽ ട്രിപ്പ് മുടക്കുമെന്നും അതിൻ്റെ പേരിലുള്ള മുഴുവൻ നഷ്ടപരിഹാരവും നിങ്ങളിൽ നിന്ന് ഈടാക്കുമെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. ഇതുകേട്ട മറ്റ് യാത്രക്കാർ പ്രശ്നത്തിൽ ഇടപെട്ടതോടെ നടുറോഡിൽ ബസ് നിറുത്തിട്ട ഡ്രൈവർ സിറ്റിൽ നിന്ന് എണീറ്റ് അങ്കത്തിനൊരുങ്ങി. തൊഴിൽപരമായി തനിക്കുള്ള അവകാശങ്ങളും യൂണിയൻ്റെ ശക്തിയും സ്വാധീനവുമാക്കെ അക്കമിട്ട് നിരത്തിയ ഡ്രൈവർ ബസ് ഇവിടെ നിറുത്തിയിടുമെന്നും ട്രിപ്പ് മുടങ്ങിയതിൻ്റെ പേരിൽ മുഴുവൻ നഷ്ടപരിഹാരവും സീറ്റിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരി നൽകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. അഞ്ചുമിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ കണ്ടക്ടർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
കഴിഞ്ഞദിവസം കോട്ടയത്ത് നിന്നും കുമിളിക്ക് പുറപ്പെട്ട കുമിളി ഡിപ്പോയിലെ ടൗൺ ടു ടൗൺ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. അമിത വേഗതയിൽ വളവ് വീശിയെടുത്തപ്പോൾ ഡ്രൈവർ ക്യാബിന് തൊട്ടുപിന്നിലെ സീറ്റിലിരുന്ന യാത്രക്കാരിയാണ് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണത്. കോട്ടയത്തുനിന്ന് പുറപ്പെട്ടപ്പോൾ മുതൽ ബസിൻ്റെ അമിതവേഗത യാത്രക്കാരെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. ഇതൊന്നും വകവെയ്ക്കാതെയുള്ള പരക്കംപാച്ചിൽ യാത്രക്കാരിയുടെ വീഴ്ചയിൽ കലാശിച്ചപ്പോഴാണ് പലരും പ്രതികരിക്കാൻ തയ്യാറായത്. കലഹം മൂത്തപ്പോൾ ഏതോ യാത്രക്കാരൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത്. ഡ്രൈവറുടെ ധിക്കാരത്തെ പരാമർശിച്ച് നിരവധി കമൻ്രുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. സ്വകാര്യ ബസുകാരൊ ടാക്‌സിക്കാരോ ആയിരുന്നേൽ അറസ്റ്റ് ചെയ്യൽ, ഫൈൻ അടപ്പിക്കൽ, മോട്ടോർ വാഹന വകുപ്പിൻ്റെ വക ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ ഉണ്ടാകുമായിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി ആയതുകൊണ്ട് അപകടത്തിൽപ്പെടുന്നവർ അങ്ങോട്ട് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.