അടിമാലി: പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ അമിത വേഗതയിൽ കാറോടിച്ചുപോയ നടൻ ബാബുരാജിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം പിഴയീടാക്കി വിട്ടയച്ചു. 24കാരനായ അക്ഷയ്ക്കാണ്​ അടിമാലി പൊലീസ് 500 രൂപ പിഴയീടാക്കിയത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിൽ പത്താംമൈലിന് സമീപം വേഗപരിശോധന നടത്തുന്ന പൊലീസ് അമിത വേഗതയിലായെത്തിയ കെ.എൽ 51 ജെ 7 നമ്പർ ബി.എം.ഡബ്ല്യു കാറിന് കൈകാണിച്ചു. എന്നാൽ അക്ഷയ് കാർ നിറുത്താതെ ഓടിച്ചുപോയി. സംശയം തോന്നിയ പൊലീസ് അടിമാലി സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് അടിമാലി സെന്റർ ജംഗ്ഷനിൽ മറ്റൊരു വാഹനത്തിൽ പൊലീസ് ബി.എം.ഡബ്ല്യു കാർ തടയാനായി നിലയുറപ്പിച്ചു. പൊലീസിന്റെ നീക്കങ്ങൾ കണ്ട് പ്രദേശവാസികളും വ്യാപാരികളും കാഴ്ചക്കാരായെത്തി. സെന്റർ ജംഗ്ഷനിൽ കാർ എത്തിയതോടെ പൊലീസും സമീപവാസികളും ചേർന്ന് വാഹനം തടഞ്ഞു. യുവാവിനെ വാഹനത്തിൽ തന്നെ അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് നടൻ ബാബുരാജിന്റെ മകനാണെന്ന് മനസിലായത്. കാർ പരിശോധിച്ചെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല. തുടർന്ന് അമിത വേഗതയ്ക്ക് പിഴയീടാക്കി യുവാവിനെ വിട്ടയച്ചു. പൊലീസ് വാഹനം നിറുത്താൻ കൈകാണിച്ചത് താൻ കണ്ടില്ലെന്ന് യുവാവ് സംഭവത്തിന് ശേഷം പ്രതികരിച്ചു.