ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിലെ ഒ.പി വിഭാഗം നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജോയ്സ്‌ ജോർജ്ജ് എം.പി അറിയിച്ചു. ജനറൽ മെഡിസിൻ വിഭാഗമാണ് ആദ്യം പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് സർജറി, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളും പ്രവർത്തനം ആരംഭിക്കും. 15ന് നിർമ്മാണം പൂർത്തിയാകുന്ന ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ബ്ലോക്കിലേക്ക് ഒ.പി വിഭാഗവും അത്യാഹിത വിഭാഗവും മാറ്റി പ്രവർത്തനം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. 20ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ മെഡിക്കൽ കോളജിൽ എത്തും. അക്കാദമിക്‌ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി. ഇലക്ട്രിക്കൽ പെയ്ന്റിംഗ് വർക്കുകൾ ഉൾപ്പെടെ പൂർത്തിയാക്കിയാണ് അക്കാദമിക്‌ ബ്ലോക്ക് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രണ്ടാംഘട്ട പരിശോധനയ്ക്ക് എത്തുന്നുണ്ട്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ നടപടികൾ പുരോഗമിക്കുന്നത്. പ്രിൻസിപ്പൽ പി.പി. മോഹനന്റെ നേതൃത്വത്തിലാണ് ഒ.പി വിഭാഗത്തിന്റെ ഏകോപനങ്ങൾ നടക്കുന്നത്. ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി നിയമിച്ചിട്ടുള്ള 28 ഡോക്ടർമാരുൾപ്പെടെ 99 ഡോക്ടർമാരാണ് മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് ആവശ്യം. 20നകം 99 ഡോക്ടർമാരുടെയും സേവനം ഇടുക്കി മെഡിക്കൽ കോളേജിൽ ലഭ്യമാക്കാൻ കഴിയുമെന്നും എം.പി പറഞ്ഞു.