pipe
കുമളി ടൗണിലെ വൻകിട കെട്ടിടങ്ങളിൽ നിന്നുള്ള മാലിന്യ പൈപ്പ് തോട്ടിലേക്ക് തുറന്നുവച്ചിരിക്കുന്നു

ഇടുക്കി: ജനവാസകേന്ദ്രത്തിൽ നിന്ന് പെരിയാർ കടുവാസങ്കേതത്തിലേക്ക് ഒഴുകുന്ന തോട്ടിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നു. റോസാപ്പൂക്കണ്ടം- ആനവച്ചാൽ തോടിന്റെ ഇരുഭാഗത്തുമുള്ള പല ബഹുനില കെട്ടിടങ്ങളും ഹോട്ടലുകളും കക്കൂസ് മാലിന്യം ഉൾപ്പെടെ തോട്ടിലൂടെ ഒഴുക്കിവിടുന്നതിന്റെ തെളിവുസഹിതം പൊതുപ്രവർത്തകർ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കെട്ടിടങ്ങളുടെ നിർമ്മാണ വേളയിൽ തന്നെ മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കാനുള്ള ക്രമീകരണവും ഒരുക്കുകയാണ് ചെയ്യുന്നത്. കക്കൂസ് ടാങ്കുകളിൽ നിന്നുള്ള പൈപ്പ് തോട്ടിലേക്കോ, തോട്ടിൽ എത്തുന്ന ചെറിയ കാനകളിലേക്കോ തുറന്നുവച്ചിരിക്കുകയാണ്. ഇത്തരം പൈപ്പുകളുടെ ചിത്രങ്ങളും വീഡിയോയും സഹിതം പരാതിപ്പെട്ടിട്ടും പഞ്ചായത്തോ മലിനീകരണനിയന്ത്രണ ബോർഡോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുറച്ചുനാൾ മുമ്പ് മാലിന്യം തോട്ടിലേക്ക് തുറന്നുവിട്ട ഹോട്ടലിന്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പഞ്ചായത്തിനോട് രേഖാമൂലം ശുപാർശ ചെയ്തെങ്കിലും നടപടിയുണ്ടായില്ല. മാത്രമല്ല ഈ നിർദ്ദേശം മറികടന്ന് തൊട്ടടുത്ത സാമ്പത്തികവർഷവും ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു.

ഒരുകാലത്ത് നല്ല വീതിൽ ജലസമൃദ്ധമായി ഒഴുകിയിരുന്ന തോട് കാലക്രമേണ കൈയേറി ഓടയുടെ രൂപത്തിലായി. എന്നിട്ടും കൊതി തീരാത്തവർ ഓടയുടെ മുകളിൽ സ്ലാബ് വാർത്തിട്ട് കൈശപ്പെടുത്തി. തേക്കടിയിലെ ഒരു സ്വകാര്യ നക്ഷത്ര ഹോട്ടലിന്റെ റിസപ്ഷൻ സ്ഥിതിചെയ്യുന്നത് ഓടയുടെ മുകളിലാണ്. ഇതൊക്കെ പകൽവെളിച്ചം പോലെ വ്യക്തമായിട്ടും ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. വൻകിടക്കാരുടെ കൈയേറ്റവും മാലിന്യനിക്ഷേപവും കണ്ടില്ലെന്ന് നടിക്കുന്നവർക്ക് സാധാരണക്കാർക്ക് എതിരെ നടപടി എടുക്കാനുമാകുന്നില്ല. അതുകൊണ്ടുതന്നെ പരിസരത്തെ താമസക്കാരെല്ലാം മുറ്റം അടിച്ചുവാരുന്ന ചപ്പുചവറുകൾ മുതൽ വീട്ടിലെ സകല മാലിന്യങ്ങലും വലിച്ചെറിയുന്ന പൊതുസ്ഥലമായി മാറ്റിയിരിക്കുകയാണ് ഈ തോട്. പഞ്ചായത്തിലെ പ്രധാന കാർഷിക ജനവാസ മേഖലകളിലൂടെ കടന്നുപോകുന്ന അട്ടപ്പള്ളം- കുളത്തുപാലം- ആനവച്ചാൽ തോട് ശുചീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി റോസാപ്പൂക്കണ്ടം തോട് വൃത്തിയാക്കൻ ഇറങ്ങിയപ്പോഴാണ് മാലിന്യവാഹിനി പൈപ്പുകളുടെ ബാഹുല്യം ശ്രദ്ധിക്കപ്പെട്ടത്.

ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്

രാപ്പകൽ ഭേദമില്ലാതെ വന്യജീവികൾ വിഹരിക്കുന്ന കടുവസങ്കേതത്തിലെ ശകുന്തളക്കാട് എന്ന പ്രദേശം പിന്നിട്ടാണ് തോട് പെരിയാർ തടാകത്തിന്റെ ഭാഗമായ കനാലിൽ പതിക്കുന്നത്. കനാലിന്റെ ഒരു ഭാഗത്തെ കിണറിൽ നിന്നാണ് വാട്ടർ അതോറിട്ടി കുമളി, ചക്കുപള്ളം പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. ബാക്കി ജലം തമിഴ്നാട്ടിലേക്ക് ഒഴുകി ലക്ഷക്കണക്കിന് പേരുടെ കുടിനീരായി മാറുന്നു.