അടിമാലി: 28-ാം കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ അഞ്ചിന് വട്ടവടയിൽ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് പതാക ജാഥ നടത്തുന്നത്. അഞ്ചിന് രാവിലെ 11ന് അനശ്വര രക്ത സാക്ഷി അഭിമന്യുവിന്റെ വീട്ടിൽ നിന്ന് പതാക ജാഥയ്ക്ക് തുടക്കമാകും. പൊതു സമ്മേളന വേദിയിൽ ഉയർത്താനുള്ള പതാക,​ ജാഥാ ക്യാപ്ടനും കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയുമായ കെ പി സന്തോഷ് കുമാർ ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറർ കെ.വി. ശശി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് അടിമാലിയിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജാഥയുടെ രണ്ടാം ദിവസത്തെ പ്രയാണം ആറിന് തൊടുപുഴ മുൻസിപ്പൽ മൈതാനിയിൽ നിന്ന് ആരംഭിക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പാല, തിരുവല്ല, ചെങ്ങന്നൂർ, അടൂർ, കൊട്ടാരക്കര, നിരണേൽ, കിളിമാനൂർ, വെഞ്ഞാറമൂട് തുടങ്ങിയ കേന്ദ്രങ്ങളിലൂടെ ജാഥ പ്രയാണം നടത്തും. സംസ്ഥാന സമ്മേളനത്തിനും പതാകജാഥയ്ക്കുമായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.