പീരുമേട്: ഏലപ്പാറ ടൗണിലൂടെ ഒഴുകുന്ന പുഴയിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നു. സമീപത്തെ ജലസ്രോതസുകളെല്ലാം വറ്റി വരണ്ട നിലയിലാണ്. പുഴയിലെ നീരൊഴുക്ക് നേരത്തെ തന്നെ കുറഞ്ഞു. പുഴയുടെ തീരത്തെ ജനങ്ങള്ളും വ്യാപാര സ്ഥാപനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഏലപ്പാറ പുഴയിലെ വെള്ളമാണ്. ആറ്റിൽ മാലിന്യം നിറഞ്ഞ് വെള്ളം മലിനമായാതോടെ ഭീതിയോടെയാണ് ജനങ്ങൾ ഈ വെള്ളം ഉപയോഗിക്കുന്നത്. പലരും പുറത്ത് നിന്ന് വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ്. ഇതിനു പുറമെ സമീപത്തെ വിടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഇപ്പോൾ പുഴയിലാണ് രാത്രി കാലങ്ങളിൽ തള്ളുന്നത്. മത്സ്യമാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ കെട്ടിക്കിടക്കുന്നത് മൂലം അസഹനീയമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണം. പകർച്ച വ്യാധികളും പനിയും പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ പുഴ ഉടൻ തന്നെ വൃത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.