ഇടുക്കി: സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം 20 മുതൽ 27 വരെ ജില്ലയിൽ വിപുലമായ പരിപാടികളോടെ നടത്തും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശന വിപണനമേള, വികസന സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയുണ്ടാകും. ജില്ലാതല ഉദ്ഘാടനം ഇടുക്കിയിലും പ്രദർശന വിപണനമേള നെടുങ്കണ്ടത്തുമാണ് നടത്തുക. എല്ലാ നിയോജകമണ്ഡലങ്ങളിലും വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും പൂർത്തിയായ പദ്ധതികളുടെ സമർപ്പണവും നടത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.എം മണി ചെയർമാനും ജില്ലാകളക്ടർ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജോയിന്റ് കൺവീനറുമാണ്. ഇതുനുപുറമെ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളെയും തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻമാരെയും ഉൾപ്പെടുത്തി ഉപസമിതികളും രൂപീകരിക്കും. ഉപസമിതികളുടെ രൂപീകരണം ആറ്, ഏഴ് തീയതികളിൽ നടക്കും. പരിപാടികളുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച ജില്ലാതല ഔദ്യോഗിക യോഗം എട്ടിന് രാവിലെ 11ന് കളക്ടറേറ്റിൽ ചേരും.