ഇടുക്കി: കളക്ടറേറ്റ് കെട്ടിടത്തിൽ ലിഫ്‌റ്റ് സൗകര്യം പ്രവർത്തനക്ഷമമായി. കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന അംഗപരിമിതരുടെയും പ്രായാധിക്യത്താൽ വിഷമിക്കുന്നവരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. ജില്ലാകളക്ടരുടെ ഓഫീസ് ഉൾപ്പെടെ ഒന്നും രണ്ടും നിലകളിലെ ഓഫീസുകളിൽ എത്തുന്നത് ഏറെ പ്രയാസകരമായിരുന്നു. ലിഫ്‌റ്റിന്റെ ഉദ്ഘാടനം ജോയ്സ് ജോർജ്ജ് എം.പിയും കളക്ടറുടെ ഓഫീസിന് സമീപം സജ്ജീകരിച്ച വാട്ടർപ്യൂരിഫയറിന്റെ ഉദ്ഘാടനം എസ്. രാജേന്ദ്രൻ എം.എൽ.എയും നിർവഹിച്ചു. കളക്ടറേറ്റിൽ എത്തുന്നവർക്ക് വേണ്ടി നിർമ്മിച്ച പേ ആന്റ് യൂസ് ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ജില്ലാകളക്ടർ ജീവൻബാബുവും നിർവഹിച്ചു.