paalam
പ്രളയത്തിൽ തകർന്ന കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കല്ലറയ്ക്കൽപടി പാലത്തിന്റെ പുനർനിർമ്മാണോദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യുജോർജ് നിർവ്വഹിക്കുന്നു.

ഇടുക്കി: പ്രളയത്തിൽ തകർന്ന കാഞ്ചിയാർ പഞ്ചായത്തിലെ വെള്ളിലാംകണ്ടം കല്ലറയ്ക്കൽപടി പാലം പുനർനിർമ്മിക്കുന്നു. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് നിർവ്വഹിച്ചു. പ്രളയം തകർത്ത പാലത്തിന്റെ പുനർനിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാഞ്ചിയാർ പഞ്ചായത്ത് ഫണ്ട് 24 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം പുനർനിർമ്മിക്കുന്നത്. 24 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 50 വർഷത്തിനു മേൽ പഴക്കമുള്ള കല്ലറയ്ക്കൽപടി പാലം കഴിഞ്ഞ പ്രളയത്തിലാണ് പൂർണ്ണമായി തകർന്നത്. വെള്ളിലാംകണ്ടം ആനക്കുഴി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ ഇതിന്റെ ഇരുഭാഗങ്ങളിലുമുള്ള 300 കുടുബങ്ങളുടെ ഏകയാത്രമാർഗമാണ് ഇല്ലാതായത്. സ്‌കൂൾ കുട്ടികളടക്കം ദിവസേന നൂറുകണക്കിനാളുകൾ കടന്നു പോകുന്ന പാലം തകർന്നതോടെ പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമായി. തുടർന്ന് പ്രദേശവാസികളും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടികൾ ഇട്ട് മുകളിൽ മണൽചാക്കുകൾ നിരത്തി നിർമ്മിച്ച താത്കാലിക പാലത്തിലൂടെയാണ് ആളുകൾ കടന്നു പോകുന്നത്. യോഗത്തിൽ പഞ്ചായത്ത് അംഗം സുഷമ ശശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.ആർ ശശി പദ്ധതി വിശദീകരിച്ചു. കാഞ്ചിയാർ സർവീസ് ബാങ്ക് പ്രസിഡന്റ് കെ.സി. ബിജു, ജയമോൾ ശശി എന്നിവർ സംസാരിച്ചു.