മറയൂർ:ചിന്നാർ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വെള്ളക്കല്ല് കുടിയിലേക്കും അവസാനം പാതയൊരുങ്ങി. മറയൂർ ടൗണിൽ നിന്ന് 12 കിലോമീറ്ററിലധികം അകലെയുള്ള കുടിയിലേക്ക് ഇതോടു കൂടി ജിപ്പുകൾ ഓടി തുടങ്ങും. പുതുക്കുടി വരെ മാത്രമാണ് ഇതുവരെ ജീപ്പ് പോകാൻ പാതയുണ്ടായിരുന്നത്. ഇവിടെ നിന്ന് നാല് കിലോമീറ്റർ അകലെയാണ് കേരള അതിർത്തിയോടു ചേർന്ന് അമ്പതിലധികം കുടുംബങ്ങൾ താമസിച്ചു വരുന്ന കുടി സ്ഥിതി ചെയ്യുന്നത്. വാഹന സൗകര്യമില്ലാതിരുന്നതിനാൽ ഒരു അപകടമോ അസുഖമോ ഉണ്ടായാൽ പുതപ്പിൽ കെട്ടി ചുമന്നുകൊണ്ടു വരണമായിരുന്നു. കുടിയിലേക്ക് സാധന സാമഗ്രികൾ തലച്ചുമടായിട്ടാണ് കൊണ്ടുവന്നിരുന്നത്. കൃത്യസമയം ആശുപത്രിയിൽ എത്തിക്കാനാകാതെ നിരവധി പേർ മരിച്ചിട്ടുണ്ട്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ് എന്നിവരുടെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് പാത യാഥാർത്ഥ്യമായത്. കുടിയിൽ വാഹനമെത്തിയതിന്റെ സന്തോഷത്തിൽ ഇത്തവണത്തെ നോമ്പ് (ഉത്സവം) വലിയ ആഘോഷമാക്കി തീർക്കാനുള്ള ശ്രമത്തിലാണ് കുടിക്കാർ.