തൊടുപുഴ : കേരള സർക്കാർ ബഡ്ജറ്റിൽ ഭൂമിയുടെ ഫെയർ വാല്യു വീണ്ടും 10% കൂടി വർദ്ധിപ്പിച്ചത് കർഷക ദ്രോഹമാണെന്നും അത് പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം ആവശ്യപ്പെട്ടു. കർഷകന് ഭൂമി വാങ്ങാനോ വിൽക്കാനോ സാധിക്കാത്ത വിധം ആധാരചെലവ് വർദ്ധിപ്പിച്ച് സർക്കാർ കർഷകരെ കൊള്ളയടിക്കുകയാണ്. 2010 ൽ ഭൂമിക്ക് ഫെയർ വാല്യു നിശ്ചയിച്ചതിന് ശേഷം 2014 ലും 2017 ലുമായി 65 % വർദ്ധന ഫെയർ വാല്യുവിൽ സർക്കാർ വരുത്തിയിട്ടുണ്ട്. ഇപ്പോൾ 10% വർദ്ധന വരുമ്പോൾ കേരളത്തിലെ ഭൂരിഭാഗം വസ്തുവിന്റെയും മാർക്കറ്റ് വിലയക്കാളും കൂടുതലായിരിക്കും ഫെയർവാല്യു. പ്രളയാനന്തര ഇടുക്കി ജില്ലയുടെ ഗൗരവമേറിയ അവസ്ഥ പരിഗണിച്ച് ഇടുക്കി ജില്ലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.