തൊടുപുഴ: സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് ജൈവകർഷകൻ നൽകിയ സമ്മാനം കണ്ട് എല്ലാവരും ഞെട്ടി. കാലങ്ങളോളം ഓർത്തുവയ്ക്കുന്ന സമ്മാനമായി റമ്പൂട്ടാൻ തൈയാണ് നൽകിയത്. ഏഴല്ലൂർ സ്വദേശിയായ ജോമോന് സുഹൃത്ത് ഒളമറ്റം മാരിക്കലുങ്ക് സ്വദേശി ജോളി വർക്കിയാണ് (46) ഈ അപൂർവ സമ്മാനം നൽകിയത്. വെറുതെ എന്തെങ്കിലും ക്രോക്കറി സാധനങ്ങൾ വാങ്ങിക്കൊടുക്കുന്നതിന് പകരം മറ്റെന്തെങ്കിലും വേറിട്ട ഉപഹാരം നൽകണമെന്ന ആലോചനയിൽ നിന്നാണ് റമ്പൂട്ടാനിലെത്തിയതെന്ന് ജോളി പറഞ്ഞു. ആദ്യമായാണ് ഹരിതകേരളം മിഷന്റെ റിസോഴ്സ് പേഴ്സൺ കൂടിയായ ജോളി ഇത്തരമൊരു സമ്മാനം നൽകുന്നത്. ഇനി മുതൽ ഇത്തരം സമ്മാനങ്ങളായിരിക്കും താൻ നൽകുകയെന്നും ജോളി പറയുന്നു. റമ്പൂട്ടാൻ രണ്ടു വർഷം കൊണ്ട് കായ്ച്ചു തുടങ്ങും. ആ വൃക്ഷം നിലനിൽക്കുവോളം താനും തന്റെ സ്‌നേഹവും സുഹൃത്തിന്റെ മനസിലുണ്ടാവുമെന്നും ജോളി കരുതുന്നു. ആദ്യം തെല്ല് അമ്പരന്നെങ്കിലും താൻ വാങ്ങിക്കണമെന്ന് പലപ്പോഴും കരുതുകയും അതിലേറെ തവണ മറന്നു പോവുകയും ചെയ്ത സമ്മാനം കൂട്ടുകാരൻ വീട്ടിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണ് ജോമോൻ. മികച്ച ജൈവ കർഷകനുള്ള (സമ്മിശ്രക്കൃഷി) സംസ്ഥാന അവാർഡുൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ളയാളാണ് ജോളി വർക്കി. തന്റെ 50 സെന്റ് ഭൂമിയിൽ 'ഹരിതഭവനം' എന്ന ഹരിതകേരളം മിഷന്റെ ആശയം പ്രവാർത്തികമാക്കിയ ആളുമാണ് ജോളി വർക്കി.