രാജാക്കാട്: പണ്ട് കാലത്ത് തേങ്ങയും വാഴക്കുലയും പോലുള കാർഷിക വിളകൾ മോഷ്ടിക്കുന്ന കള്ളന്മാരുണ്ടായിരുന്നു. പിന്നീട് സ്വർണവും പണവും മാത്രമായി കള്ളന്മാരുടെ ലക്ഷ്യം. അടുത്തിടെ പട്ടിയെ മോഷ്ടിച്ച സംഭവം ജില്ലയിലുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയൊരു മോഷണം. വിലകൂടിയ ചെടികളാണ് ഇവരുടെ ഉന്നം. കഴിഞ്ഞ ദിവസം രാത്രിയിൽ രാജാക്കാട് സ്വകാര്യ സ്‌പൈസസ് പാർക്കിലെത്തിയ രണ്ടംഗസംഘം ആയിരങ്ങൾ വില വരുന്ന ചെടികളാണ് അടിച്ചുമാറ്റിയത്. മുന്തിയ ഇനം ചെടികൾ പരിപാലിക്കുന്ന ഇടങ്ങൾ കണ്ടെത്തിയാണ് മോഷണം. തിരിച്ചറിഞ്ഞ് പിടിയ്ക്കപ്പെടാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിനായി പ്രൊഫഷണൽ കള്ളൻമാരെപ്പോലെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് രാത്രിയുടെ മറവിൽ എത്തുന്നത്. മിക്കയിടങ്ങളിലും സെക്യൂരിറ്റി കാമറകൾ സ്ഥാപിച്ചിരിക്കുമെന്നതിനാൽ ആളെ തിരിച്ചറിയാതിരിക്കാനായി മുഖം മറച്ചാണ് ചെടിയുള്ള സ്ഥാപനത്തിൽ കടക്കുക. പിന്നീട് തങ്ങൾക്കാവശ്യമുള്ള വിലകൂടിയ ചെടികൾ തിരഞ്ഞെടുത്ത് പുറത്തുകടക്കും. മറ്റ് വസ്തുവകകൾക്ക് ഒരുവിധ നാശവും വരുത്താതെയാണ് കവർച്ച. കഴിഞ്ഞ ദിവസം രാത്രി രാജാക്കാട്ടെ നഴ്സറിയിൽ എത്തിയ ഇരുവരും ചെടികൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞെങ്കിലും മുഖം മറച്ചതിനാൽ തിരിച്ചറിയാനായില്ല. പതിനയ്യായിരത്തിലേറെ രൂപ വിലയുള്ള ചെടികളാണ് ഇവർ മോഷ്ടിച്ചത്. സ്ഥാപന ഉടമ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. വേഷപ്രച്ഛന്നരാണെങ്കിലും തസ്‌കരന്മാരെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.