തൊടുപുഴ: അംഗൻവാടി കേന്ദ്രങ്ങളിൽ കുരുന്നു കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തോടൊപ്പം കുട്ടികളുടെ സാമൂഹ്യബോധം കൂടി വികസിക്കുന്നുണ്ടെന്ന് ജോയ്സ് ജോർജ്ജ് എം.പി പറഞ്ഞു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അംഗൻവാടി കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെടുന്ന മുഴുവൻ അംഗൻവാടികളിലെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലെയും കുട്ടികളുടെയും കൗമാരക്കാരുടെയും അമ്മമാരുടെയും പങ്കാളിത്തത്തോടെയാണ് കലോത്സവം അരങ്ങേറിയത്. വിവിധ അംഗൻവാടികളിൽ നിന്നെത്തിയ കുരുന്നുകളുടെ കലാ പ്രദർശനമുണ്ടായിരുന്നു. ജില്ലയിൽ ആദ്യമായാണ് ബ്ലോക്ക് തലത്തിൽ അംഗൻവാടി കലോത്സവം നടത്തുന്നത്. തൊടുപുഴ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിമ്മി പോൾ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീഷ് കേശവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.വി. ജോസ്, സീന ഇസ്മയിൽ, ജിമ്മി മറ്റത്തിപ്പാറ, അന്നമ്മ ചെറിയാൻ, ഷൈനി ഷാജി, സി.ഡി.പി.ഒ സുജ ജേക്കബ്, സബീന ബിജു, സോഫി ജേക്കബ്ബ്, നിഷാ ആർ. നായർ, സുധർമ്മണി അമ്മ എന്നിവർ പ്രസംഗിച്ചു.