മറയൂർ: ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോയെന്നാണ് പഴഞ്ചൊല്ല്. എന്നാൽ മെലിഞ്ഞില്ലെങ്കിലും കാട്ടാനയാണെങ്കിൽ കെട്ടാമെന്നാണ് പുതിയ ചൊല്ല്. മൂന്നാർ- മറയൂർ സംസ്ഥാന പാതയിൽ പെരിയ വരൈ എസ്റ്റേറ്റിൽ നിന്ന് നാല് കിലോമീറ്റർ ഉള്ളിൽ പഴയകാട് ഡിവിഷനിലാണ് കൊമ്പനെ തൊഴുത്തിനുള്ളിൽ കണ്ടത്. ഇന്നലെ രാവിലെ തൊഴിലാളികളാണ് വളരെ നാളായി ഉപയോഗിക്കാതെ കിടന്ന തൊഴുത്തിൽ കാട്ടു കൊമ്പനെ കണ്ടത്. രാവിലെ ഏഴിന് തേയില തോട്ടത്തിൽ പണിക്ക് പോകുന്ന തൊഴിലാളികൾ ലയങ്ങളുടെ സമീപത്തുള്ള തൊഴുത്തിൽ പ്രതിക്ഷിക്കാത്ത രീതിയിൽ അനക്കം കേട്ട് അടുത്തുചെന്ന് പരിശോധിച്ചപ്പോഴാണ് ആനയെ കണ്ടത്. ആന തൊഴുത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. തൊഴിലാളികളെ കണ്ടതും വെപ്രാളം പൂണ്ട് തൊഴുത്തിന്റെ മറുവശത്തെ കരിങ്കല്ല് ഭിത്തി തകർത്താണ് ആന പുറത്തിറങ്ങിയത്. തൊഴിലാളികൾ ഒറ്റയാനെ പാട്ടകൊട്ടിയും ശബ്ദമുണ്ടാക്കിയും സമീപമുള്ള യൂക്കാലി കാട്ടിലേക്ക് തുരത്തി .