പീരുമേട്: സിവിൽ പൊലീസ് ഓഫീസർ വിവാഹ വാഗ്ദാനം നൽകിയ ശേഷം പണം തട്ടിയെടുത്തതായി വനിതാ സിവിൽ പൊലീസ് ഓഫീസർ പീരുമേട് പൊലീസിൽ പരാതി നൽകി. കുട്ടിക്കാനം അഞ്ചാം ബറ്റാലിയൻ ക്യാമ്പിലെ വനിതാ സിവിൽ പൊലീസുകാരിയാണ് ഇതേ ക്യാമ്പിലെ പുരുഷ പൊലീസ് ഓഫീസർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. തുടക്കത്തിൽ പ്രണയം നടിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി പല തവണ പണം വാങ്ങുകയുമായിരുന്നു. ഇതിനു ശേഷം മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതായും തിരുവനന്തപുരം സ്വദേശിയായ പുരുഷ പൊലീസ് ഓഫീസറിനെതിരെ അന്വേഷണം ആരംഭിച്ചതായി പീരുമേട് എസ്.ഐ പറഞ്ഞു. പൊലീസ് സേനയ്ക്കുള്ളിൽ പൊലീസുകാരനെതിരെ അമർഷം ഉണ്ടെങ്കിലും നാണക്കേട് ഉണ്ടാവാതിരിക്കാൻ വിഷയം ഒതുക്കി തീർക്കാനും ശ്രമമുണ്ട്.