പീരുമേട്: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്താത്തതിനെ തുടർന്ന് തുടർച്ചയായ രണ്ടാം തവണയും പീരുമേട് താലൂക്ക് വികസന സമിതി യോഗം മുടങ്ങി. എം.എൽ.എയും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും എത്താതെ വന്നതോടെയാണ് യോഗം മുടങ്ങിയത്. പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ ചേരാൻ നിശ്ചയിച്ച യോഗത്തിൽ പങ്കെടുക്കാൻ പരാതികൾ നൽകിയ ജനങ്ങളും പൊതുപ്രവർത്തകകരും എത്തിയിരുന്നു. 12 മണി വരെ കാത്തിരുന്നിട്ടും അദ്ധ്യക്ഷത വഹിക്കാൻ ആളില്ലാത്തതിനാൽ യോഗം പിരിച്ചു വിട്ടു. 12 പേരാണ് യോഗത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നത്. എം.എൽ.എ, നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്ത് പ്രസിഡന്റുമാർ, നാലു ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് യോഗത്തിനു അദ്ധ്യക്ഷരാകേണ്ടത്. എം.എൽ.എയ്ക്ക് യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടാകുമ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടവർ നോമിനിയായി പങ്കെടുക്കാറുണ്ട്. എന്നാൽ നോമിനിയും എത്തിയില്ല. എല്ലാ മാസത്തിലും ആദ്യ ശനിയാഴ്ചയാണ് താലൂക്ക് വികസന സമിതി യോഗം ചേരുന്നത്. കഴിഞ്ഞ മാസവും ജനപ്രതിനിധികളുടെ അഭാവത്തിൽ യോഗം മുടങ്ങിയിരുന്നു. ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുന്നതടക്കം പ്രധാന കാര്യങ്ങൾ അന്ന് ചർച്ചയായില്ല. ഇത്തവണ പട്ടയം, മാലിന്യം, പ്രളയ ദുരിതാശ്വാസം തുടങ്ങിയ വിഷയങ്ങളിൽ പരാതികൾ അറിയിക്കാൻ ജനങ്ങൾ എത്തിയെങ്കിലും യോഗം മുടങ്ങിയതിനാൽ നിരാശരായി മടങ്ങുകയായിരുന്നു.
വൈകിയെങ്കിലും യോഗം അവസാനിപ്പിക്കുന്നതിന് മുമ്പായി ഹാളിൽ എത്തിയിരുന്നു. മിനിറ്റ്സിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ യോഗം ചേരാൻ ചിലർ വിസമ്മതിക്കുകയായിരുന്നു.- ഷീബാ സുരേഷ്
(പ്രസിഡന്റ്, കുമളി പഞ്ചായത്ത്)
തഹസിൽദാർ കൺവീനറായ യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നില്ല.
- ആലിസ് സണ്ണി
(പ്രസിഡന്റ്, അഴുത ബ്ലോക്ക് പഞ്ചായത്ത്)
എല്ലാ മാസവും ആദ്യ ശനിയാഴ്ച നിശ്ചയിച്ചിരിക്കുന്ന യോഗത്തെ കുറിച്ച് പ്രത്യേക അറിയിപ്പുകൾ നൽകാറില്ല.
-(റവന്യൂ വകുപ്പ് അധികൃതർ)