തൊടുപുഴ: ഗാന്ധിജിയെ പ്രതീകാത്മകമായി വെടിയുതിർത്തവർക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിന് നേതൃത്വം കൊടുത്തവരെ മോഡി സർക്കാരും സംഘപരിവാർ സംഘടനകളും സംരക്ഷിക്കുക വഴി രാഷ്ട്രത്തെ അപമാനിച്ചിരിക്കുകയാണ്. സംസ്ഥാന ബഡ്ജറ്റിൽ ഇടുക്കിയെ പൂർണമായും തഴഞ്ഞ എൽ.ഡി.എഫ് സർക്കാർ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തത്. ഇടുക്കിയുടെ പുനരുദ്ധാരണത്തിനായി സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം. വന്യജീവി അക്രമണത്തിനെതിരെ സർക്കാർ ഇതുവരെയും ഒരു നടപടിയും കൈകൊണ്ടില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ മുന്നൊരുക്കങ്ങൾക്കായി നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നെടുങ്കണ്ടത്തും അഞ്ചിന് രാവിലെ 11 ന് കുമളി, മൂന്നിന് തൊടുപുഴ, എട്ടിന് രാവിലെ 11ന് അടിമാലി, രണ്ടിന് ഇടുക്കി എന്നീ ക്രമത്തിൽ സ്വാഗതസംഘം യോഗങ്ങൾ നിയോജക മണ്ഡലം തലത്തിലും ഒമ്പതിന് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്വാഗതസംഘം യോഗങ്ങളും വിപുലമായി വിളിച്ചു ചേർക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജെ. പൗലോസ്, അഡ്വ. ഇ.എം. ആഗസ്തി, എം.ടി. തോമസ്, റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, സി. പി. മാത്യു, ആർ. ബാലൻപിള്ള, എം. കെ. പുരഷോത്തമൻ എന്നിവർ പ്രസംഗിച്ചു.