rajkumar
രാജ്കുമാർ

രാജാക്കാട്: തമിഴ്നാട്ടിൽ നിന്ന് ശാന്തമ്പാറ രാജാപ്പാറമെട്ട് വഴി കാൽനടയായി കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി ബസ് കാത്തു നിൽക്കുകയായിരുന്ന യുവാവ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ബോഡി നായ്ക്കന്നൂർ ചൊക്കനാഥപുരം രാജ്കുമാറാണ് (28) രാജാപ്പാറയിൽ നിന്ന് ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് സ്‌പെഷ്യൽ സ്വകാഡ് ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. കേരള- തമിഴ്നാട് അതിർത്തിയിലെ ഇടവഴികളിലൂടെ തലച്ചുമടായി കഞ്ചാവ് കടത്തുന്നതായി നെടുങ്കണ്ടം എക്‌സൈസ് സ്‌പെഷ്യൽ സ്വകാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുന്നതിനിടെ രാജാപ്പാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അസ്വാഭാവികമായ രീതിയിൽ യുവാവ് നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. തമിഴ്നാട്ടിലെ ബോഡിയിൽ നിന്ന് 30,000 രൂപയ്ക്ക് വാങ്ങിയതാണ് കഞ്ചാവെന്നും എക്‌സൈസ് ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമായതിനാൽ കാട്ടിലെ കുറുക്കുവഴികളിലൂടെ നടന്ന് കേരളത്തിൽ എത്തിച്ചശേഷം കൊച്ചിയിൽ വിറ്റഴിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇയാൾ മൊഴി നൽകി. പതിവായി കാട്ടുപാതയിലൂടെ അതിർത്തി കടത്തി കൊച്ചിയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന ആളാണ് പിടിയിലായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ഡി. സേവ്യർ, കെ.എൻ. രാജൻ, ശശീന്ദ്രൻ, ശശികുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിയാദ്, ജോഷി, ജോർജ്ജ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ബിജി എന്നിവരും പങ്കെടുത്തു.