palam
അറ്റകുറ്റ പണികൾ നടക്കുന്ന എല്ലക്കൽ പാലം

രാജാക്കാട്: പ്രളയത്തിൽ തകർന്ന എല്ലക്കൽ പാലത്തിന്റെ അറ്റകുറ്റ പണികൾ ആരംഭിച്ചു. കൈവരികളടക്കം തകർന്ന് ശോചനീയാവസ്ഥയിലായ പാലത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് മൂന്ന് ലക്ഷം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് പാലം നവീകരിക്കുന്നത്. പ്രളയത്തിൽ ഒഴുകിയെത്തിയ മരങ്ങളും കെട്ടിടാവശിഷ്ടങ്ങളും മറ്റും വന്നിടിച്ചതുമൂലം പാലത്തിന്റെ കൈവരികൾ ഏതാണ്ട് പൂർണമായി തകർന്നിരുന്നു. ഒരാഴ്ചത്തേയ്ക്ക് ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. അടിമാലി, മൂന്നാർ, തേക്കടി, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. പ്രളയത്തെ അതിജീവിച്ചെങ്കിലും കൈവരികൾ തകർന്ന സ്ഥിതിയിലായതിനാൽ രാത്രികാലങ്ങളിൽ കടന്നുപോകുന്ന വിനോദ സഞ്ചാരികളുടെയടക്കം വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മന്ത്രി എം.എം. മണി ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് തുക അനുവദിക്കുകയുമായിരുന്നു. 15 ദിവസങ്ങൾക്കുള്ളിൽ ജോലികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.