mani
വാത്തിക്കുടി പഞ്ചായത്തിനെ മാത്യകാ ഊർജ്ജ കാര്യക്ഷമതാ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മന്ത്രി എം എം മണി സംസാരിക്കുന്നു.

ഇടുക്കി: ഊർജ്ജ ഉത്പാദനത്തിനൊപ്പം ഊർജ്ജ സംരക്ഷണത്തിനും കൂടിയാണ് സർക്കാരും വൈദ്യുതി ബോർഡും പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി എം.എം. മണി. വാത്തിക്കുടി പഞ്ചായത്തിനെ ഊർജ്ജ കാര്യക്ഷമത പഞ്ചായത്തായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ചുരുങ്ങിയത് എട്ടു കോടി രൂപ ചെലവാകുമ്പോൾ ഒരു മെഗാവാട്ട് വൈദ്യുതി ലാഭിക്കാൻ 15 ലക്ഷം രൂപയാണ് ചെലവുകുന്നത്. അതിനാൽ ഊർജ്ജ സംരക്ഷണത്തിന് അതീവ പ്രാധാന്യമാണുള്ളത്. രാജ്യത്ത് ഊർജ്ജ സംരക്ഷണ രംഗത്ത്് കേരളം ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു. ചാലിസിറ്റി മുതൽ പ്രകാശ് വരെ എൽ.ഇ.ഡി വഴി വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ജോലികൾ പുരോഗമിക്കുകയാണ്. മുരിക്കാശേരി സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു, പഞ്ചായത്ത് സെക്രട്ടറി എ.കെ. രാജൻ, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ധരേശൻ ഉണ്ണിത്താൻ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റെജി മുക്കാട്ട് എന്നിവർ പങ്കെടുത്തു.