വണ്ടിപ്പെരിയാർ: ദേശീയ പാതയോരത്ത് വൃത്തിഹീനമായ അന്തരീക്ഷത്തിൽ മാംസവ്യാപാരം പൊടിപൊടിച്ചിട്ടും അനങ്ങാതെ ആരോഗ്യവകുപ്പ്. ദേശീയപാതയോരത്ത് ചുരക്കുളം കവലയിലും കക്കി കവലയിലും പ്രവർത്തിക്കുന്ന അരഡസൻ മാംസ വിൽപ്പന ശാലകളാണ് നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നത്. കടകൾക്ക് മുന്നിൽ ചില്ല് ഇടാതെ ഇറച്ചി കയറിൽ തൂക്കിയിട്ടാണ് വിൽപ്പന. ചുരക്കുളം കവലയിൽ അഞ്ച് കടകളും കക്കികവലയിൽ ഒരെണ്ണവുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കട മാത്രമാണ് ചില്ലിട്ട് ഇതിനുള്ളിൽ മാംസം വിൽക്കുന്നത്. ബാക്കിയുള്ള നാല് കടകളിലും തുറന്ന സ്ഥലത്ത് കയറിൽ കെട്ടിയാണ് കച്ചവടം. ദേശീയ പാതയിലൂടെയെത്തുന്ന സ്‌കൂൾ കുട്ടികളും വിനോദ സഞ്ചാരികളും ഈ കാഴ്ച കണ്ടാണ് പോകുന്നത്. കാറ്റിൽ ഈച്ചയും പൊടിപടലങ്ങളും മാംസത്തിൽ പടർന്നു പിടിക്കുന്നുണ്ട്. ഈ ഭാഗത്ത് റോഡ് മണ്ണിട്ട് ഉയർത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. കാറ്റടിക്കുമ്പോഴും വാഹനങ്ങൾ പോവുമ്പോഴും പൊടിയും മണ്ണും ഇറച്ചിയിൽ പടർന്നു പിടിക്കുന്നത് പതിവാണ്. ഇവിടെ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപങ്ങളിൽ ഭൂരിഭാഗവും മണ്ണും പൊടിയും കടയിലേക്ക് കടക്കാതിരിക്കാൻ പ്ലാസ്റ്റിക് ഉയോഗിച്ച് മറച്ചിട്ടുണ്ട്. എന്നാൽ മാംസ വിലപ്പന ശാലകൾ ഇതു പോലും ചെയ്യുന്നില്ല. ഈ ഇറച്ചി വാങ്ങി കഴിച്ചാൽ രോഗങ്ങൾ വരുമെന്നത് ഉറപ്പ്. വിൽപ്പനശാലകൾ തമ്മിലുള്ള മത്സരം മൂർച്ഛിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ 300 രൂപയ്ക്ക് വിറ്റു കൊണ്ടിരുന്ന ഇറച്ചി 250 രൂപയായി കുറച്ചിട്ടുമുണ്ട്.
നിയമങ്ങൾ ഇറച്ചികടയിൽ വേവില്ല
മാംസ വിൽപ്പന കേന്ദ്രങ്ങളുടെ മുൻഭാഗത്ത് ചില്ല് ഇട്ട് അതിനുള്ളിൽ വൃത്തിയുള്ള അന്തരീക്ഷത്തിൽ വേണം മാംസം വിൽക്കാനെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെങ്കിലും കണ്ടില്ലെന്ന നിലപാടാണ് അധികൃതർക്കുള്ളത്. മാംസ വ്യാപര സ്ഥാപനങ്ങളിൽ ഭൂരിഭാഗത്തിനും മാലിന്യം നിർമ്മാർജനം ചെയ്യാൻ സംസ്‌ക്കരണ പ്ലാന്റ് പോലും ഇല്ല. നാളിതുവരെയായിട്ടും വണ്ടിപ്പെരിയാർ പഞ്ചായത്തിൽ സ്ലോട്ടർ ഹൗസ് ഇല്ലാത്തതും ഇവർക്ക് ഗുണമായി മാറി.
തൂക്കം ലഭിക്കാൻ വാക്സിൻ
തൂക്കം കിട്ടാൻ പോത്തിനും കാളയ്ക്കും പ്രത്യേക വാക്സിൻ കുത്തിവയ്ക്കുന്നതായി ആരോപണമുണ്ട്. പരിശോധനകൾ പോലുമില്ലാതെയാണ് കാലികളെ അറക്കുന്നത് പോലും.