അടിമാലി: രാത്രിയിൽ അടിമാലി ടൗണിൽ നിറുത്തിയിട്ടിരുന്ന കാർ അജ്ഞാതർ അടിച്ച് തകർത്തതായി പരാതി. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു ആക്രമണം. അടിമാലി ടൗണിൽ കൊച്ചി- ധനുഷ്‌കോടി ദേശിയപാതയോരത്ത് സ്വകാര്യ ബാങ്കിന് സമീപത്തായിരുന്നു രാജേഷ് കാർ നിറുത്തിയിട്ടിരുന്നത്. തോക്കുപാറ സ്വദേശിയായ രാജേഷ് അടിമാലി ടൗണിൽ വ്യാപാരം നടത്തുന്നതിനാൽ കഴിഞ്ഞ അഞ്ച് മാസമായി ബാങ്കിന് പിറകിലുള്ള വാടക വീട്ടിലാണ് കുടുംബ സമേതം താമസിക്കുന്നത്. വീട്ടുമുറ്റത്തേക്ക് റോഡില്ലാത്തിനാൽ താമസമാരംഭിച്ചത് മുതൽ ദേശീയപാതയോരത്താണ് രാജേഷ് വാഹനമിടുന്നത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കാർ പാർക്ക് ചെയ്ത് രാജേഷ് വീട്ടിൽ പോയി. രാത്രി ഒരുമണിയോടെ ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ കാർ അജ്ഞാതർ തല്ലി തകർത്തതായി രാജേഷിനെ വീട്ടിലെത്തി അറിയിച്ചു. ആക്രമണത്തിൽ കാറിന്റെ ചില്ലും വശങ്ങളിലെ കണ്ണാടിയും തകർന്നു. ആക്രമണത്തിനുപയോഗിച്ചെന്ന് കരുതുന്ന കരിങ്കല്ല് വാഹനത്തിനു സമീപത്ത് നിന്ന് കണ്ടെത്തി. ശബ്ദം കേട്ട് ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ ദൂരേക്കോടി മറഞ്ഞതായും രാജേഷ് പറഞ്ഞു. ടൗണിൽ വിനോദ സഞ്ചാരികളടക്കം സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. അടിമാലി പൊലീസിൽ പരാതി നൽകിയതായി രാജേഷ് അറിയിച്ചു.