മറയൂർ: മൂന്നു പേർ ചേർന്ന് ആട്ടോറിക്ഷയിൽ തന്നെ തട്ടികൊണ്ടു പോയെന്ന പതിനൊന്നുകാരന്റെ പരാതിയിൽ പ്രതിയെ പിടികൂടാനാകാതെ വട്ടം കറങ്ങി മറയൂർ പൊലീസ്. ഞായറാഴ്ച ഉച്ചയോടെ മറയൂർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് മുമ്പിൽ നിന്ന് മഞ്ഞനിറത്തിലുള്ല തമിഴ്നാട് രജിസ്‌ട്രേഷൻ ആട്ടോറിക്ഷയിൽ മൂന്നു പേർ ചേർന്ന് തന്നെ തട്ടികൊണ്ടു പോയി മർദ്ദിച്ചെന്നും ഒരു കിലോമീറ്റർ അകലെവച്ച് വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെട്ടെന്നുമാണ് കുട്ടിയുടെ പരാതി. ടൗണിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന അമ്മയെയും വിളിച്ചാണ് മറയൂർ പള്ളനട് സ്വദേശിയായ കുട്ടി സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. പരാതി ലഭിച്ചയുടൻ മറയൂർ എസ്.ഐ ജി. അജയകുമാർ, അഡീ. എസ്.ഐ ടി.ആർ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ചിന്നാർ, ചട്ട മൂന്നാർ ചെക്പോസ്റ്റുകളിൽ വിവരമറിയിച്ച ശേഷം പോലീസ് നാടു മുഴുവൻ മഞ്ഞ ആട്ടോറിക്ഷക്കായി തിരഞ്ഞു. കേരളാതിർത്തിയിലെ ചിന്നാർ ചെക്പോസ്റ്റിലേക്ക് ഒരു വണ്ടി പൊലീസിനെയും വിട്ടു. കുട്ടിയെ പിടികൂടിയ സ്ഥലം മുതൽ രക്ഷപ്പെട്ട സ്ഥലം വരെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യം പൊലീസ് പരിശോധിച്ചു. പാതയോരത്ത് തണ്ണി മത്തങ്ങ വിൽക്കുന്നയാൾ മുതൽ പലരെയും ചോദ്യം ചെയ്തു. അഞ്ചു നാട് മുഴുവൻ വലവിരിച്ചിട്ടും മഞ്ഞ ആട്ടോറിക്ഷ മാത്രം കണ്ടെത്താനായില്ല. ആട്ടോറിക്ഷയിൽ നിന്ന് ചാടി രക്ഷപ്പെട്ട കുട്ടിക്ക് പരിക്ക് ഒന്നും ഇല്ലായിരുന്നു. കാലിൽ കമ്പിവടി കൊണ്ട് അടിച്ചെന്ന് കുട്ടി പറഞ്ഞെങ്കിലും പാടുകളൊന്നും കണ്ടില്ല. രണ്ട് മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ അച്ഛനെ വിളിച്ചു വരുത്തി കൂടെ പറഞ്ഞു വിട്ടു. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായി എസ്.ഐ ജി. അജയകുമാർ പറഞ്ഞു.