തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് വിവിധ സ്ഥലങ്ങളിലായി ഡി.വൈ.എഫ്.ഐ- യുവമോർച്ച പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മുതലക്കോടം ചിറകണ്ടത്തും തൊടുപുഴയിലുമാണ് സംഘം ഏറ്റുമുട്ടിയത്. ചിറകണ്ടത്ത് നടന്ന സംഘർഷത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർക്കും അവരുടെ മാതാവിനും പരിക്കേറ്റു. മുതലക്കോടം അണ്ണായിക്കണ്ണം തൈപ്പറമ്പിൽ അരുൺ (24), സഹോദരൻ അഖിൽ (21), മാതാവ് മായ (42) എന്നിവരെ ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചതായാണ് പരാതി. ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ യുവമോർച്ച പ്രവർത്തകർക്കും ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനും പരിക്കേറ്റു. ഡി.വൈ.എഫ്.ഐ ചിറകണ്ടം യൂണിറ്റ് സെക്രട്ടറിയും മുതലക്കോടം മേഖലാ കമ്മിറ്റിയംഗവുമായ അണ്ണായിക്കണ്ണം കയ്യാനിക്കുന്നേൽ റോബിൻ റോയിക്ക് (21) നേരെ ഉണ്ടായ അക്രമത്തെതുടർന്നാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11.30 ഓടെ ചിറകണ്ടം ജംഗ്ഷനിൽ സുഹൃത്തുക്കളൊത്ത് വരുമ്പോൾ യുവമോർച്ചക്കാർ ആക്രമിക്കുകയായിരുന്നെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഞായറാഴ്ച വൈകിട്ട് ചിറകണ്ടത്ത് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഗോഡ്‌സെയുടെ കോലം ഉണ്ടാക്കി തൂക്കിലേറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആർ.എസ്.എസുകാർ ആക്രമിച്ചതെന്ന് റോബിൻ റോയി പറഞ്ഞു. തുടർന്നാണ് യുവമോർച്ച പ്രവർത്തകനായ അരുണിന്റെ വീട്ടിൽ കയറി ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമണം നടത്തിയത്. തന്നെ മർദിച്ച ശേഷം കത്തിക്ക് കുത്താൻ ശ്രമിച്ചെന്ന് അരുൺ പരാതിയിൽ പറഞ്ഞു. അക്രമികളെ തടഞ്ഞ സഹോദരൻ അഖിലിനെയും മാതാവ് മായയെയും മർദിച്ചു. പരിക്കേറ്റ അരുണിനെ അഖിൽ ബൈക്കിൽ കയറ്റി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ അഖിലിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. ആശുപത്രി ജീവനക്കാർ അറിയിച്ചതനുസരിച്ച് തൊടുപുഴ പൊലീസെത്തിയപ്പോഴാണ് പ്രശ്‌നങ്ങൾ അവസാനിച്ചത്. ഈ സമയം ആശുപത്രിയിലെത്തിയ യുവമോർച്ച തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാഞ്ഞിരമറ്റം ചട്ടിയാർമറ്റത്തിൽ ശ്രീകാന്തിന് (30) നേർക്കും ആക്രമണമുണ്ടായി. പരിക്കേറ്റ നാല് പേരെയും പിന്നീട് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 18 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും രണ്ട് ബി.ജെ.പി പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഭരണത്തണലിലെ അക്രമം അവസാനിപ്പിക്കണം: ബി.ജെ.പി അക്രമം കൈമുതലാക്കിയ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭരണത്തണലിൽ അഴിഞ്ഞാടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ പറഞ്ഞു. വീട് കയറിപോലും അക്രമം നടത്തുന്നതിനെതിരെ ശക്തമായ നടപടിയെടുക്കാനോ തടയാനോ മുതിർന്ന നേതാക്കളോ പൊലീസോ തയ്യാറാകുന്നില്ല. കർമ്മസമിതി പ്രവർത്തകരെ ആക്രമിച്ചവരെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.