തൊടുപുഴ: കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് നാളെയും മറ്റന്നാളും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് ജില്ല പ്രസിഡൻ്റ് പ്രൊഫ. എം.ജെ. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 24 കാസർകോട്ട് നിന്നാണ് യാത്ര ആരംഭിച്ചത്. കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾക്കൊപ്പം സംസ്ഥാന ബഡ്ജറ്റിൽ ഇടുക്കി ജില്ലയ്ക്കുണ്ടായ അവഗണനയും സ്വീകരണയോഗങ്ങളിൽ മുഖ്യചർച്ചാ വിഷയമാകും. പ്രളയത്തിൽ തകർന്ന വീടുകളുടെയും റോഡുകളുടെയും പുനർനിർമ്മാണത്തിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണ്. ജില്ലയിൽ ഇതുവരെ ഒരുവീടിന്റെ പോലും പുനർനിർമ്മാണം പൂർത്തിയാക്കാനായില്ല. ഇടുക്കിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പാക്കേജ് അനുവദിക്കാതിരുന്നത് മലയോരജനതയോടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങൾ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടുകയാണ് യാത്രയുടെ ലക്ഷ്യം. നാളെ രാവിലെ 10ന് ഇരുമ്പുപാലത്തുനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കേരളയാത്ര ജില്ലയിലെ ആദ്യസ്വീകരണകേന്ദ്രമായ അടിമാലിയിൽ എത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് നെടുങ്കണ്ടത്തും വൈകിട്ട് അഞ്ചിന് അണക്കരയിലും സ്വീകരണം നൽകും. ഏഴിന് രാവിലെ 10ന് ചെറുതോണി, വൈകിട്ട് നാലിന് മുട്ടം, അഞ്ചിന് തൊടുപുഴ ടൗൺ എന്നിവിടങ്ങളിലാണ് സ്വീകരണം. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുനിസിപ്പിൽ മൈതാനത്തേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീറണാക്കുന്നേൽ, കർഷയൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നങ്കോട്ട്, ജിമ്മി മറ്റത്തിപ്പാറ, എം. മോനിച്ചൻ, മനോഹർ നടുവിലേടത്ത് എന്നിവർ പ്രസംഗിക്കും.