ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാർ ജീവനക്കാർക്കുള്ള പരിശീലന പരിപാടി തുടങ്ങി. ഇന്ന് രാവിലെ 10 മുതൽ കരിങ്കുന്നം, പുറപ്പുഴ പഞ്ചായത്തിന് കീഴിൽ വരുന്ന ജീവനക്കാർക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും രണ്ടിന് മുട്ടം പഞ്ചായത്ത് പരിധിയിൽ വരുന്ന ജീവനക്കാർക്ക് മുട്ടം പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പരിശീലനം നടത്തും. നാളെ രാവിലെ 10 ന് ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്ത് പരിധിയിൽ വരുന്ന ജീവനക്കാർക്കും രണ്ടിന് ഇടവെട്ടി പഞ്ചായത്തിന് പരിധിയിൽ വരുന്നവർക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിലായും പരിശീലനം നൽകും. ഏഴിന് രാവിലെ 10 മുതൽ കരിമണ്ണൂർ മാസ് ആഡിറ്റോറിയത്തിൽ കരിമണ്ണൂർ പഞ്ചായത്ത് പരിധിയിലെ ഉദ്യോഗസ്ഥർക്കായും രണ്ട് മുതൽ ഉടുമ്പന്നൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നവർക്കായും പരിശീലന പരിപാടി നടത്തും. തുടർന്ന് എട്ടിന് രാവിലെ 10 ന് വണ്ണപ്പുറം പഞ്ചായത്തിന് പരിധിയിൽ വരുന്ന ഉദ്യോഗസ്ഥർക്ക് വണ്ണപ്പുറം പഞ്ചായത്ത് കോൺഫറൻസ് ഹാളിലും രണ്ട് മുതൽ കോടിക്കുളം പഞ്ചായത്തിന് പരിധിയിലെ ജീവനക്കാർക്കായി കോടിക്കുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പരിശീലനം നൽകും. തൊടുപുഴ ടൗൺ ഹാളിൽ ഇന്നലെ നടന്ന പരിശീലന പരിപാടിയിൽ താലൂക്ക് ഓഫീസ് ജൂനിയർ സുപ്രണ്ട് ഷാജുമോൻ എം.ജെ, സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനികളായ ലാൽസൺ തോമസ്, ഷൈജു തങ്കപ്പൻ, ജോമി ജോസഫ് എന്നിവർ ക്ലാസെടുത്തു. തൊടുപുഴ നഗരസഭയുടെ പരിധിയിൽ വരുന്ന സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, ദേശസാത്കൃത സഹകരണ ബാങ്ക് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ എന്നിവർക്കാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വി.വി പാറ്റ് എന്നിവ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം നൽകിയത്. ഉച്ചയ്ക്ക് രണ്ട് മുതൽ കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി.