അടിമാലി: പരിമിതികൾക്കിടയിൽ നിന്ന് പരിശീലനം നേടി ആൾ കേരള ടെക്‌നിക്കൽ സ്‌കൂൾ മീറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായതിന്റെ സന്തോഷത്തിലാണ് അടിമാലി ടെക്‌നിക്കൽ ഹൈസ്‌കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും. കോഴിക്കോട് നടന്ന മീറ്റിൽ അടിമാലി ടെക്‌നിക്കൽ സ്‌കൂളിൽ നിന്ന് 24 വിദ്യാർത്ഥികളാണ് മത്സരിച്ചത്. സ്വന്തമായൊരു കളിക്കളം പോലുമില്ലാത്ത സ്‌കൂളിൽ നിന്ന് മത്സരിക്കാനെത്തിയിട്ടും ഏഴ് മെഡലുകളുമായാണ് ടെക്‌നിക്കൽ സ്‌കൂളിലെ മിടുക്കന്മാർ തിരികെ ഇടുക്കിയിലെത്തിയത്. പോൾവാട്ടിൽ രണ്ട് സ്വർണം, ഡിസ്‌കസ് ത്രോ, ഹാമർ ത്രോ, 400 മീറ്റർ ഓട്ടം തുടങ്ങിയ ഇനങ്ങളിൽ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും സ്‌കൂൾ സ്വന്തം പേരിൽ കുറിച്ചു. സ്‌കൂളിലെ ഡെറിക് സൈമൺ പോൾവാട്ടിൽ റെക്കാഡോടെ സ്വർണം നേടിയതും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇരട്ടി മധുരമായി. സ്കൂൾ സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് സ്വന്തമായൊരു കളിക്കളം പോലുമില്ലാതെയാണ്. രണ്ട് കിലോമീറ്റർ അകലെയുള്ള അടിമാലി സർക്കാർ ഹൈസ്‌കൂൾ ഗ്രൗണ്ടിനെയാണ് ഇവിടത്തെ വിദ്യാർത്ഥികൾ പരിശീലനത്തിനായി ആശ്രയിക്കുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടെക്‌നിക്കൽ സ്‌കൂൾ ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചത്. സ്‌കൂളിന് സമീപത്തായി കളക്കളത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങി വച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കുറഞ്ഞത് 50ലക്ഷം രൂപയെങ്കിലും വേണം ഗ്രൗണ്ടിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ. മെച്ചപ്പെട്ട സാഹചര്യമൊരുങ്ങിയാൽ സ്‌കൂളിൽ നിന്ന് ഒരുപിടി മികച്ച കായിക താരങ്ങളെ വാർത്തെടുക്കാനാകുമെന്ന് സ്‌പോർട്‌സ് കൺവീനർ പി.പി. സുധീർ പറഞ്ഞു.