അടിമാലി: പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പഠനോത്സവം ഇന്ന് പണിക്കൻകുടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. 26 മുതൽ ജൂൺ മാസം വരെ നീണ്ടു നിൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് പഠനോത്സവം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായിട്ടാണ് ഇത്തവണ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ പഠനോത്സവം നടത്തുന്നത്. പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുകയെന്നതിനൊപ്പം കുട്ടികളുടെ കലാപരവും ശാസ്ത്രപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യവും പഠനോത്സവത്തിനുണ്ട്. പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികളുടെ ശാസ്ത്ര പരിക്ഷണങ്ങൾ, കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറും. പണിക്കൻകുടി ടൗണിൽ പഠനോത്സവത്തിന്റെ സന്ദേശമുൾപ്പെടുത്തി ഇന്നലെ ഫ്ലാഷ് മോബ് നടത്തിയിരുന്നു. അദ്ധ്യാപകരായ പി.ആർ. രാജേഷ്, പ്രീതി എം.എൻ, ജെയ്ശ്രി പി.എൻ, സ്മിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.