കാഞ്ഞാർ: ബൈക്കപകടത്തിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൊടുപുഴ ആനിയാ വീട്ടിൽ പ്രവീൺ, കൊച്ചുപുത്തൻപുരയ്ക്കൽ ശരത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞാറിനു സമീപമായിരുന്നു അപകടം. കോളേജിൽ നിന്ന് തൊടുപുഴയ്ക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ വശത്തേക്കാണ് ബൈക്ക് മറിഞ്ഞത്. സ്ഥിരം അപകട മേഖലയായ കാഞ്ഞാർ വാട്ടർ പാർക്കിനു സമീപമാണ് ഇന്നലെയും അപകടം നടന്നത്. അപകടം നടന്നയുടൻ ഇതു വഴി വന്ന ജില്ലാ കളക്ടർ കെ.ജീവൻ ബാബു കർശനമായ വാഹന പരിശോധന നടത്താൻ പൊലീസിന് നിർദ്ദേശം നൽകി. നിരപ്പാർന്ന പാതയിൽ അമിത വേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. പരിക്കേറ്റ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.