രാജാക്കാട്: കുത്തുങ്കൽ ടൗണിന് സമീപം ബ്രേയ്ക്ക് നഷ്ടപ്പെട്ട കാർ ചെമ്മണ്ണാർ പുഴയിലേയ്ക്ക് മറിഞ്ഞു. ഡ്രൈവർ പുറത്തേയ്ക്ക് ചാടി സാഹസികമായി രക്ഷപ്പെട്ടു. അടിമാലി ചാറ്റുപാറ സ്വദേശി മനീഷ് ഓടിച്ചിരുന്ന കാറാണ് ഞായറാഴ്ച രാത്രി പതിനൊന്നരയോടെ അപകടത്തിൽപ്പെട്ടത്. ഇയാളുടെ കാൽമുട്ടിനും നടുവിനും നിസാര പരിക്കേറ്റു. വട്ടക്കണ്ണിപ്പാറയ്ക്ക് സമീപത്തുള്ള ബന്ധുവിനെ സന്ദർശിച്ച ശേഷം രാജാക്കാട് വഴി ചാറ്റുപാറയ്ക്ക് മടങ്ങുന്നതിനിടെ കുത്തുങ്കൽ പാലത്തിനു മുകൾഭാഗത്തെ കുത്തിറക്കത്തിൽ വാഹനത്തിന്റെ ബ്രേയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കൊടും വളവിലുള്ള പാലത്തിൽ കയറാനാകാതെ ചങ്ങാടക്കടവ് റോഡിലൂടെ മുന്നോട്ട് നീങ്ങുകയും തൊട്ടടുത്ത വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വലതുവശത്ത് 30 അടിയിലേറെ താഴെയുള്ള ചെമ്മണ്ണാർ പുഴയിലേയ്ക്ക് മറിയുകയുമായിരുന്നു. സനീഷ് മാത്രമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. അപകടം മനസിലാക്കിയ ഇയാൾ ഡോർ തുറന്ന് പുറത്തേയ്ക്ക് എടുത്തുചാടി. വീഴ്ച്ചയിൽ കാൽമുട്ടിനും നടുവിനും പരിക്കേറ്റെങ്കിലും അത് വകവയ്ക്കാതെ ഇഴഞ്ഞ് റോഡിൽ കയറി. അർദ്ധരാത്രി ആയതിനാൽ സമീപവാസികൾ ശബ്ദം കേൾക്കുക്കുകയോ എത്തുകയോ ചെയ്തില്ല. തുടർന്ന് ഫോണിലൂടെ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇവർ എത്തി ഇയാളെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. അപകടത്തിൽ കാറിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. രാവിലെ ടൗണിൽ എത്തിയവർ പുഴയിൽ കാർ കിടക്കുന്നത് കണ്ടെങ്കിലും വാഹനത്തിൽ ആരെയും കാണാതിരുന്നതിനാൽ ശാന്തൻപാറ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഇന്നലെ വൈകിട്ടോടെ കാർ പുറത്തെടുത്തു.