രാജാക്കാട്: മലയരയ വിഭാഗത്തിൽപ്പെട്ടവരുടെ ജാതി സർട്ടിഫിക്കറ്റ് ഉടുമ്പൻചോല തഹസിൽദാർ നിക്ഷേധിക്കുന്നതായി പരാതി. ഓൺലൈൻവഴി അപേക്ഷ സമർപ്പിക്കുന്നവരുടെ സർട്ടിഫിക്കറ്റുകൾ മറ്റ് താലൂക്കുകളിൽ നിന്ന് നൽകുന്നുണ്ടെങ്കിലും ഉടുമ്പൻചോലയിലെ ഉദ്യോഗസ്ഥർ അവകാശങ്ങൾ നിക്ഷേധിക്കുകയാണെന്നും പട്ടിക വർഗ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മലയരയ വിഭാഗത്തിൽപെട്ട വിത്സൺ എന്നയാൾ രാജാക്കാട് അക്ഷയ സെന്റർ വഴി ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഈ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് തെളിയിക്കുന്നതിന് പിതാവിന്റെ ജാതി സർട്ടിഫിക്കറ്റും റേഷൻകാർഡും മറ്റ് രേഖകളും ഉൾപ്പെടെയാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞപ്പോൾ സർട്ടിഫിക്കറ്റ് നിഷേധിച്ച് അപേക്ഷ തിരിച്ചയച്ചു. പ്രശ്‌നത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകാൻ പട്ടികവർഗ ഏകോപന സമിതി ഒരുങ്ങുകയാണ്. വാർത്താ സമ്മേളനത്തിൽ സമിതി ജില്ലാ പ്രസിഡന്റ് വിത്സൺ സാമുവൽ, സംസ്ഥാന ജനറൽ സെക്രട്ടറി സാറാമ്മ ജോസഫ്, സംസ്ഥാന പ്രസിഡന്റ് എ.ഡി. ജോൺസൺ എന്നിവർ പങ്കെടുത്തു.