ഇടുക്കി: കുമളി പഞ്ചായത്തിലെ നിർദ്ദിഷ്ട ആധുനിക അറവുശാല നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിന് പിന്നിൽ ദുരൂഹതയെന്ന് നാട്ടുകാർ. 2012- 13 സാമ്പത്തിക വർഷം 38 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുമായി നിർമ്മാണം തുടങ്ങിയ അറവുശാലയ്ക്കായി 2018 ആഗസ്റ്റ് വരെ 1.71 കോടി രൂപയാണ് പൊടിച്ചത്. എന്നിട്ടും പദ്ധതി യാഥാർത്ഥ്യമായില്ലെന്ന് മാത്രമല്ല ഇനി 20 ലക്ഷം രൂപ കൂടി വേണമെന്നാണ് കരാറുകാരനും പഞ്ചായത്ത് ഭരണസമിതിയും പറയുന്നത്. ഇതുകൂടി അനുവദിച്ച് 2019 മാർച്ചിനകം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഭരണസമിതിയുടെ അവകാശവാദം. എന്നാൽ പറഞ്ഞ കാലാവധി അവസാനിക്കാൻ രണ്ടുമാസത്തിൽ താഴെമാത്രം ശേഷിക്കെ അറവുശാലയുടെ നിർമ്മാണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
അഞ്ച് വർഷം മുമ്പ് തുടങ്ങിവച്ച നിർമ്മാണ പ്രവർത്തനം എങ്ങുമെത്താതിരിക്കെ വർഷം തോറും എസ്റ്റിമേറ്റ് പുതുക്കി കൂടുതൽ പണം ചെലവഴിക്കുന്നതിലാണ് നാട്ടുകാർക്ക് ആശങ്ക. കുടിവെള്ളവും റോഡും ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ പണം തികയാത്ത നാട്ടിൽ പൂർത്തിയാകാത്ത പദ്ധതിക്ക് വർഷം തോറും എസ്റ്റിമേറ്റ് പുതുക്കി നൽകുന്നതിന്റെ പിന്നിൽ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ സംശയം.
അനധികൃത അറവുശാലകൾ വ്യാപകം
ശാസ്ത്രീയമായ അറവുശാല ഇല്ലെന്ന കാരണം മറയാക്കി പഞ്ചായത്ത് പരിധിയിൽ അനധികൃത മാംസ വ്യാപാരശാലകൾ കൂണുപോലെ മുളച്ചുപൊങ്ങുകയുമാണ്. തമിഴ്നാട്ടിൽ അപകടങ്ങളിലും മറ്റും ചാകുന്ന മാടിന്റെ ഇറച്ചിവരെ രാത്രികാലങ്ങളിൽ കുമളിയിലെ അനധികൃത കടകളിൽ എത്തിച്ച് വിൽപ്പന നടത്തുന്നതായി ആക്ഷേപമുണ്ട്. 20 വാർഡുകളുള്ള പഞ്ചായത്തിൽ രണ്ട് മത്സ്യ മാംസ വ്യാപാര ശാലയ്ക്ക് മാത്രമാണ് നിയമപ്രകാരം പ്രവർത്തിക്കാൻ ലൈസൻസ് ഉള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പടെ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾക്ക് വച്ചുവിളമ്പുന്നതും നാട്ടുകാർ വലിയവിലകൊടുത്ത് മീനും ഇറച്ചിയും വാങ്ങുന്നതുമൊക്കെ അനധികൃത കടകളിൽ നിന്നാണ്. ആധുനിക അറവുശാലയെന്ന പഞ്ചവത്സരപദ്ധതി പൂർത്തിയാകാത്തതുകൊണ്ട് പൊതുമുതൽ നഷ്ടപ്പെടുന്നതിനൊപ്പം പൊതുജനാരോഗ്യവും ചോദ്യം ചെയ്യപ്പെടുകയാണ്.
അറവുശാലയുടെ പറ്റ് ബുക്ക്
(ഓരോ വർഷവും ചെലവഴിച്ചതുക)
2012-13 - 38,00,000 രൂപ
2013-14 - 34,00,000
2014-15- 62,00,000
2015-16- 37,00,000
ആകെ ചെലവ്- 1,71,00,000
ഇനിയും ആവശ്യമുള്ളത്- 20,00,000