pattisery-dam
പഴയ പട്ടിശേരി ഡാം

മറയൂർ: മറയൂർ, കാന്തല്ലൂർ മേഖലയിൽ കാർഷിക ആവശ്യങ്ങൾക്കുള്ള ജലസേചനത്തിനും കുടിവെള്ളത്തിനും ഏറെ പ്രയോജനം ചെയ്യുന്ന പട്ടിശേരി ഡാമിന്റെ പുനർനിർമ്മാണം ഒരു മാസത്തിനകം ആരംഭിക്കും. പഴയ ഡാം പൊളിച്ചുമാറ്റിയിട്ട് അഞ്ചു വർഷം പൂർത്തിയാകുന്നു. പുതിയ പദ്ധതിയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. ഭരണാനുമതി മാസങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്നെങ്കിലും സാങ്കേതികാനുമതി നാലിനാണ് ലഭിച്ചത്. 42.9 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. 140 മീറ്റർ നീളത്തിലും 33 മീറ്റർ ഉയരത്തിലുമാണ് പുതിയ ഡാം നിർമ്മിക്കുന്നത്. കാന്തല്ലൂർ പഞ്ചായത്തിൽ ഗുഹനാഥപുരത്താണ് ഡാം സ്ഥിതി ചെയ്യുന്നത്. പഴയ ഡാം 2014ൽ പൊളിച്ചുമാറ്റിയിരുന്നു. 2014 ജനുവരി മൂന്നിന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത പുതിയ ഡാമിന്റെ നിർമ്മാണം രണ്ടു വർഷത്തിനകം പൂർത്തീകരിക്കുമെന്ന് അന്നത്തെ ജലസേചന മന്ത്രി പി.ജെ. ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ അസ്ഥിവാരത്തിന്റെ പണി ആരംഭിക്കുകയും സമീപത്തുള്ള വേട്ടക്കാരൻ കോവിൽമല നിരകളിൽ നിന്ന് മെറ്റലിന് ആവശ്യമായ പാറയും പൊട്ടിച്ചു തുടങ്ങിയിരുന്നു. ഡാം സൈറ്റിൽ ക്രഷർ യൂണിറ്റും സ്ഥാപിച്ചു. അടിത്തറയ്ക്കായി മണ്ണ് മാറ്റിയെങ്കിലും ഉറച്ച പ്രതലത്തിന് ഏഴ് മീറ്ററിലധികം മണ്ണും പാറയും മാറ്റേണ്ടി വന്നു. ഇതു മൂലം എസ്റ്റിമേറ്റ് അനുസരിച്ച് ഡാമിന്റെ നിർമ്മാണം തീർന്നില്ല. തുടർന്ന് നിർമ്മാണം നിറുത്തിവച്ചു. മൂന്നു വർഷം മുമ്പ് പുതിയ എസ്റ്റിമേറ്റും പ്ലാനും തയ്യറാക്കി സർക്കാറിന് സമർപ്പിച്ചെങ്കിലും അംഗീകാരം കിട്ടിയത് ഇപ്പോഴാണ്. കരാറുകാരൻ ചില ആവശ്യങ്ങൾ ഉന്നയിച്ച് കോടതിയിൽ പോയതും ഡാം നിർമ്മാണം നീളുന്നതിന് കാരണമായി. മന്നവൻചോലയിൽ നിന്ന് ഒഴുകി വരുന്ന ജലമാണ് ഡാമിന്റെ ജലസ്രോതസ്. ശീതകാല പച്ചക്കറി, പഴവർഗങ്ങൾ, കരിമ്പ്, നെല്ല് തുടങ്ങിയ നിരവധി കൃഷികൾക്ക് ജലസേചനം ഈ ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് നടന്നിരുന്നത്. നിരവധിഗ്രാമങ്ങൾക്കും കുടിവെള്ള സ്രോതസാണ് ഈ ഡാമിലെ വെള്ളം. കഴിഞ്ഞ അഞ്ചു വർഷമായി കടുത്ത വരൾച്ചയിൽ കർഷകർ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുതിയ ഡാമിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ കാർഷിക മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.