തൊടുപുഴ: മഞ്ഞനിക്കരയിൽ കബറടക്കിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ 87-ാം ഓർമ തിരുനാളിനോടനുബന്ധിച്ചുള്ള കാൽനട തീർത്ഥയാത്രകൾക്ക് തുടക്കമായി. അമയപ്ര, പന്നൂർ, ഇടമറുക്, പൂന്തോട്ടം, മുളപ്പുറം, വണ്ണപ്പുറം യാക്കോബായ സുറിയാനി പള്ലികളിൽ നിന്ന് ആരംഭിച്ച തീർത്ഥയാത്രകൾ വൈകിട്ട് 7.30ന് തൊടുപുഴ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സംഗമിച്ചു. തുടർന്ന് ഇടവക വികാരിയുടെ നേതൃത്വത്തിൽ സ്വീകരണവും ധൂപപ്രാർത്ഥനയും അത്താഴവിരുന്നും നടത്തി. അമയപ്രയിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. അനൂപ് ഉലഹന്നാൻ, ഫാ. ജോയി പാറനാൽ തുടങ്ങിയവർ കാർമികത്വം വഹിച്ചു. തീർത്ഥാടനത്തിനുള്ള ഭദ്രദീപം, പതാക, സ്ലീബ എന്നിവ വിൻസൻ്റ് തണ്ടേൽ, ജിജോ ചാരുപറമ്പിൽ, മത്തായി മംഗലം എന്നിവർ ഏറ്റുവാങ്ങി. അമയപ്ര പള്ളി ട്രസ്റ്റിമാരായ ജിജോ മാരാംകണ്ടത്തിൽ, ഷൈബു ആമിക്കാട്ടുകുടിയിൽ, ബാബു ജോർജ്, ജനറൽ കൺവീനർ ഷാജൻ നെടിയശാല എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര.