phc
വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം

വണ്ടിപ്പെരിയാർ: രാത്രി കാലങ്ങളിൽ ഡോക്ടർമാരില്ലാത്തതിനാൽ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾ വലയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് കൊണ്ടുവന്ന രോഗിയെ പരിശോധിക്കാൻ ഡോക്ടറില്ലാത്തതിനാൽ കിലോമീറ്ററുകൾ താണ്ടി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശിയ പാതയോട് ചേർന്നാണ് ആശുപത്രി പ്രവർത്തിക്കുന്നത്. രാത്രി സമയം റോഡ് അപകടങ്ങൾ ഉണ്ടായാൽ കിലോ മീറ്ററുകൾ അകലെയുള്ള പീരുമേട് താലൂക്ക് ആശുപത്രിയെയോ സ്വകാര്യ ആശുപത്രികളെയോ വേണം ആശ്രയിക്കാൻ. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭ പരിപാടികളുമായി രാഷ്ട്രീപാർട്ടികളും നാട്ടുകാരും രംഗത്ത് ഇറങ്ങിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ ആരോഗ്യ കേന്ദ്രം പെരിയാർ മേഖലയിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ഏക ആശ്രയമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും പഴയ സ്റ്റാഫ് പാറ്റേണിൽ മാറ്റമുണ്ടായില്ല. 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. സ്ത്രീ- പുരുഷ വാർഡുകളിലായി രോഗികളെ കിടത്തി ചികിത്സയുണ്ട്. സ്റ്റാഫ് നേഴ്‌സുമാരുടെ എണ്ണവും കൂട്ടിയിട്ടില്ല.

700 രോഗികൾക്ക് നാല് ഡോക്ടർമാർ

ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് നാല് പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. ഇവരിൽ രണ്ടു പേർ കോൺഫറൻസോ ക്യാമ്പ് ആവശ്യങ്ങൾക്കോ വേണ്ടി പുറത്ത് പോയാൽ രോഗികൾ വലയും. ദിനവും എഴുന്നൂറോളം പേരാണ് ഒ.പി ടിക്കറ്റിൽ ചികിത്സ തേടിയെത്തുന്നത്. രണ്ട് സ്ഥിര ഡോക്ടറും എൻ.ആർ.എച്ച്.എം പദ്ധതിയിലുള്ള രണ്ട് ഡോക്ടർമാരുമാണ് ദിവസേന എഴുന്നൂറോളം രോഗികളെ പരിശോധിക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമാണ് ഡോക്ടർമാർക്ക് ഇവിടെ രോഗികളെ പരിശോധിക്കാനാകൂ. രാത്രി കാലത്ത് രോഗികളുമായി എത്തുന്നവർക്ക് ക്വാട്ടേഴ്‌സിൽ ഡോക്ടറുണ്ടെങ്കിൽ മാത്രം ചികിത്സ ലഭിക്കും.

ബ്ലോക്കിന്റെ പണികഴിഞ്ഞിട്ടും 'ഒരു ബ്ലോക്ക് "

സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ബ്ലോക്കിന്റെ പണികൾ പൂർത്തിയാക്കിയിട്ടും ജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല. സൗകര്യ കുറവ് മൂലമാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കിടപ്പു രോഗികൾക്കായുള്ള വാർഡിന് പുറമെ എക്‌സ്‌റേ യൂണിറ്റ് നിർമ്മിക്കാനാണ് കെട്ടിടം പണിതത്. നിർമ്മാണം പൂർത്തീകരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഉപയോഗപ്പെടുത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ നടപ്പാത നിർമ്മാണത്തിൽ അഴിമതി ആരോപണത്തെ തുടർന്ന് ലോകായുക്ത അന്വേഷണം നടന്നു വരികയാണ്.