george
ചികിത്സ വൈകിയതിനെ തുടർന്ന് ചത്തുപോയ പശുവിനൊപ്പം ക്ഷീര കർഷനായ ജോർജും ഭാര്യ കുഞ്ഞുമോളും

ചെറുതോണി: മൃഗഡോക്ടർമാരുടെ അനാസ്ഥ മൂലം കറവപ്പശു ചത്തുപോയെന്നാരോപിച്ച് ക്ഷീര കർഷകൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. മൈലപ്പുഴ മുക്കൂട്ടുതാഴ്ചയിൽ ജോർജാണ് പരാതി നൽകിയത്. ക്ഷീര കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച ജോർജും ഭാര്യ കുഞ്ഞുമോൾക്കും നാല് കറവപശുക്കളാണ് ഉണ്ടായിരുന്നത്. നാലുപശുക്കളെയും ലോണെടുത്താണ് വാങ്ങിയത്. ഇതിനായി പല തവണയായി അഞ്ചു ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. ഒരു മാസം മുമ്പ് വെൺമണി സർവീസ് സഹകരണ ബാങ്കിൽ നിന്നും 75000 രൂപ ലോൺ എടുത്തും പതിനായിരം രൂപ കടം വാങ്ങിയും 85000 രൂപയ്ക്കാണ് നാലാമത്തെ പശുവിനെ വാങ്ങിയത്. ഈ പശു ഒരാഴ്ച മുമ്പ് പ്രസവിച്ചു. പ്രസവത്തെ തുടർന്ന് കാത്സ്യ കുറവുമൂലം തടിയംപാട് മൃഗാശുപത്രിയിലെ ഡോക്ടറെ കൊണ്ടുവന്ന് കുത്തിവയ്പ് എടുത്തു. ഇരുപത് ലിറ്ററിൽ കൂടുതൽ പാൽ ലഭിക്കുന്ന പശുവിന് കാത്സ്യം പെട്ടന്ന് കുറയുമെന്നതിനാൽ വീണ്ടും കുത്തിവയ്പ് എടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. പിറ്റേദിവസവും പശു ക്ഷീണിതയായതിനെ തുടർന്ന് കുത്തിവയ്പ് എടുക്കുന്നതിന് ഡോക്ടറെ വീണ്ടും വിളിച്ചെങ്കിലും വന്നില്ല. ഉച്ചയോടുകൂടി ഡോക്ടറെ വിളിച്ചെങ്കിലും രാത്രി ഒമ്പതിനാണ് ഡോക്ടർ എത്തിയത്. അപ്പോഴേക്കും പശു ചത്തിരുന്നു. വന്ന രണ്ടു ദിവസവും മരുന്നിന്റെ വിലയും ഡോക്ടറുടെ ഫീസും വണ്ടിക്കൂലിയും നൽകി. ഡോക്ടർ സമയത്ത് എത്തിയിരുന്നെങ്കിൽ പശു രക്ഷപ്പെടുമായിരുന്നെന്ന് ജോർജും കുഞ്ഞുമോളും പറയുന്നു. ഇതിന് മുമ്പ് ഒരു പശുവിന് ഇത്തരത്തിൽ രോഗം ബാധിച്ചതിനെ തുടർന്ന് കഞ്ഞിക്കുഴിയിലെ ഡോക്ടറെ സമീപിച്ചെങ്കിലും സമയത്ത് ഡോക്ടർ എത്താതിരുന്നതുമൂലം ചത്തു പോയി. അതിനാലാണ് ഇത്തവണ തടിയമ്പാട് നിന്ന് ഡോക്ടറെ വിളിച്ചത്. രണ്ടു ഡോക്ടർമാരുടെയും അനാസ്ഥ മൂലമാണ് ജോർജിന്റെ രണ്ടു പശുക്കളും ചത്തുപോയതെന്ന് കുടുംബം പറയുന്നു. രണ്ടു പശുക്കളും ചത്തതോടെ കുടുംബത്തിന്റെ വരുമാനം ഇല്ലാതാവുകയും വീട് പട്ടിണിയിലാകുകയും ചെയ്തു. ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ മറ്റ് സഹായവും ലഭിക്കില്ല. ഇതോടെ കുടുംബം ലക്ഷങ്ങളുടെ കടക്കെണിയിലായി.