ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്കായി പ്രത്യേകം നിയമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ജനറൽ മെഡിസിൻ വിഭാഗം ഒ.പിയാണ് ആരംഭിച്ചത്. സർജറി, പീടിയാട്രിക്, ഗൈനക്കോളജി വിഭാഗം ഒ.പിയും ഉടൻതന്നെ ആരംഭിക്കും. 10 ഡോക്ടർമാർ തിങ്കളാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ചുമതലയേറ്റു. ജോയ്‌സ് ജോർജ്ജ് എം.പി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഒ.പി വിഭാഗം പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രിൻസിപ്പൽ ഡോ. പി.പി മോഹനൻ, ആർ.എം.ഒ ഡോ. എസ് അരുൺ എന്നിവരും ഒപ്പമുണ്ടായിരുന്നു. കെട്ടിടങ്ങളുടെ നിർമ്മാണ മേൽനോട്ടം വഹിക്കുന്ന കിറ്റ്‌കോയുടെ എൻജിനിയറിംഗ് വിഭാഗവുമായി ചർച്ച നടത്തിയാണ് എം.പി മടങ്ങിയത്. നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിന്റെയും പുതിയ ഹോസ്പിറ്റൽ ബ്ലോക്കിൽ ആരംഭിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ ഒ.പിയുടെയും ഉദ്ഘാടനം 28ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കുമെന്നും എം.പി പറഞ്ഞു.