ഇടുക്കി: സ്വാഭാവിക റബറിന്റെ ഇറക്കുമതിയും ടയറിന്റെ ഉത്പാദനവും തമ്മിലുള്ള അനുപാതത്തിൽ മാറ്റം വരുത്തണമെന്ന് ജോയ്സ് ജോർജ്ജ് എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. ഒരു ടയറിന്റെ ഉത്പാദനത്തിന് ആവശ്യമുള്ള റബ്ബറിനേക്കാൾ നാലിരട്ടിയോളം റബ്ബറാണ് നിർബാധം ഇറക്കുമതി ചെയ്യുന്നത്. ഇത് വൻ തോതിലുള്ള സർക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കുന്നതോടൊപ്പം റബ്ബർ കർഷകരെയും പ്രതിസന്ധിയിലാക്കുന്നു. വർഷങ്ങൾക്ക് മുമ്പാണ് റബ്ബർ ഇറക്കുമതിയുടെയും ടയർ ഉത്പാദനത്തിന്റെയും അനുപാതം നിശ്ചയിച്ചത്. അന്ന് ടയർ ഉത്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽ കൂടുതലായി ഉപയോഗിക്കുന്നത് സ്വാഭാവിക റബ്ബറായിരുന്നു. എന്നാൽ സാങ്കേതിക വിദ്യ വികസിക്കപ്പെട്ടതോടെ സ്റ്റീൽ ഉൾപ്പടെയുള്ള ഘടകങ്ങളാണ് ടയർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കാലങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്ന അശാസ്ത്രീയമായ ഇറക്കുമതി അനുപാതം ഇപ്പോഴും തുടരുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ റബ്ബർ കർഷകർക്ക് ഉയർന്ന വില ലഭിക്കുന്നതിനും സർക്കാരിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനും അടിയന്തരമായി റബ്ബറിന്റെ ഇറക്കുമതി- ടയർ ഉത്പാദന അനുപാതത്തിൽ മാറ്റം വരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.