തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ കുട്ടനാടിനും വയനാടിനും അനുവദിച്ചതുപോലെ ഇടുക്കി ജില്ലയ്ക്കും പ്രത്യേക പാക്കേജ് ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തിൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും നിവേദനം നൽകി. പ്രതികൂലമായ കാലാവസ്ഥയും ജലപ്രളയവും ജില്ലയ്ക്ക് കനത്ത നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. ദിവസങ്ങൾ നീണ്ടുനിന്ന മഴയെ അതിജീവിക്കാൻ നാണ്യവിളകൾക്ക് സാധിച്ചില്ല. ഏലം, കുരുമുളക്, ജാതി, കൊക്കോ തുടങ്ങിയ വിളകൾ എല്ലാംതന്നെ വ്യാപകമായി നശിച്ചു. നാണ്യവിളകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചില്ലെങ്കിൽ ഇടുക്കിയിലെ കാർഷികമേഖല തകർന്നടിയും. ഒരു ഏക്കർ റീപ്ലാന്റ് ചെയ്യണമെങ്കിൽ ഏകദേശം രണ്ട് ലക്ഷം രൂപയ്ക്കുമേൽ ചെലവുവരും. ക്ഷീരകാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകർ ഇന്ന് തീരാദുരിതത്തിലാണ്. പ്രളയകെടുതിയിൽ നിരവധി പശുക്കൾ നഷ്ടപ്പെട്ടു, നിരവധി ഫാമുകൾ തകർന്നു,​ തൊഴുത്തുകൾ നശിച്ചു. തീറ്റപുൽകൃഷിയും വ്യാപകമായി നശിച്ചു. ഒരു പശുവിനുള്ള തൊഴുത്തു നിർമ്മിക്കാനും അനുബന്ധ സംവിധാനങ്ങൾ ഏർപ്പെടുത്താനുമായി ഏകദേശം അമ്പതിനായിരം രൂപയെങ്കിലും ചെലവുവരും. ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ കർഷകർക്ക് കൈത്താങ്ങ് നൽകേണ്ടതുണ്ട്. ജില്ലയിലാകെ 3000 കോടി രൂപയുടെയും ഇടുക്കി നിയോജകമണ്ഡലത്തിൽ മാത്രം ഏകദേശം 800 കോടി രൂപയുടെയും നാശനഷ്ടമാണ് റോഡുകൾക്കുണ്ടായത്. നിലവിൽ അനുവദിച്ചിട്ടുള്ള ഫണ്ടുകൾ തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ പര്യാപ്തമല്ല. രണ്ടു പതിറ്റാണ്ടുകൾ കൊണ്ട് രൂപപ്പെടുത്തിയ റോഡ് സംവിധാനങ്ങളാണ് തകർന്നടിഞ്ഞത്. അതുകൊണ്ടുതന്നെ റോഡിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്ന് എം.എൽ.എ നിവേദനത്തിൽ പറഞ്ഞു.