ചപ്പാത്ത്: ജനകീയാസൂത്രണ പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങൾ വാർഡ് മെമ്പർ സ്വന്തം കുടുംബക്കാർക്ക് വീതിച്ചു നൽകിയതായി ആക്ഷേപം. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഹെവൻവാലി വാർഡിലാണ് ആകെ അനുവദിച്ച 10 മഴവെള്ള സംഭരണികളിൽ നാല് എണ്ണവും, സംഭരണി നിർമ്മാണത്തിലെ തൊഴിൽ ദിനങ്ങളുടെ മൂന്നിലൊന്നും സ്വന്തക്കാർക്ക് വീതിച്ച മെമ്പറുടെ നടപടി വിവാദമായിരിക്കുന്നത്. രൂക്ഷമായ കുടിവെള്ലക്ഷാമം നേരിടുന്ന പ്രദേശങ്ങളെ അവഗണിച്ച് പെരിയാറിന്റെ തീരത്തെ ജലസമൃദ്ധമായ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കാണ് മഴവെള്ളസംഭരണിയും അതിന്റെ നിർമ്മാണത്തിലെ തൊഴിൽ ദിനങ്ങളും മെമ്പർ വാരിക്കോരി നൽകിയിരിക്കുന്നത്. ഒരു മഴവെള്ള സംഭരണിക്ക് ഗുണഭോക്തൃവിഹിതം ഉൾപ്പെടെ 49,900 രൂപയാണ് പഞ്ചായത്ത് അനുവദിക്കുന്നത്.
ഈ വിവരം കേട്ടറിഞ്ഞ് കുടിവെള്ളക്ഷാമം നേരിടുന്ന ഹെവൻവാലി, ശാന്തിപ്പാലം പ്രദേശങ്ങളിലെ ജനങ്ങൾ ആനുകൂല്യത്തിനുള്ള അപേക്ഷയുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ് വാർഡിലെ മുഴുവൻ സംഭരണികളും വിതരണം ചെയ്തുകഴിഞ്ഞതായി മനസിലായത്. ഇത് ആർക്കാണ് ലഭിച്ചതെന്ന് അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോൾ കിട്ടിയ മറുപടിയിലാണ് ഒരു വീട്ടുപേര് ആവർത്തിച്ചത് കണ്ട് ജനം ഞെട്ടിയത്.
കുടിവെള്ളത്തിന് ക്ഷാമമില്ലാത്ത പ്രദേശത്തെ താമസക്കാർക്ക് വഴിവിട്ട് മഴവെള്ളസംഭരണി അനുവദിച്ചതും കരാറുകാരെ കൊണ്ട് ചെയ്യിച്ച ജോലിയ്ക്ക് ബന്ധുക്കളുടെ പേരിൽ കൃത്രിമ രേഖയുണ്ടാക്കി പണിക്കൂലി കൈപ്പറ്റിയെന്നുമാണ് മെമ്പർക്ക് എതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങൾ. സംഭവം വിവാദമായതോടെ പലതരത്തിലുള്ള ന്യായീകരണങ്ങളുമായി വാർഡ് മെമ്പറും പ്രസിഡന്റും രംഗത്തുണ്ട്. അതേസമയം തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് മഴവെള്ള സംഭരണി നിർമ്മിക്കാനുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്ന കാര്യം പ്രസിഡന്റ് തുറന്ന് സമ്മതിക്കുന്നുമുണ്ട്. പിന്നെ എങ്ങനെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ പേരിൽ പണം മാറ്റിയെടുത്തത് എന്ന ചോദ്യത്തിന് മറുപടിയുമില്ല. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ 13 വാർഡുകൾക്കായി 110 മഴവെള്ള സംഭരണികളാണ് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത്.
കണക്കിൽ വെള്ളംകുടിച്ച് മെമ്പർ
ആകെയുള്ള 10 ഗുണഭോക്താക്കളിൽ നാലും തൊഴിൽ ഉറപ്പ് പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിലെ 49ൽ മെമ്പറുടെ മകനും മരുമകളും ഉൾപ്പെടെ 13 പേരാണ് ഒരു വീട്ടുപേരിൽ നിന്ന് കടന്നുകൂടിയിരിക്കുന്നത്. അതിൽ തന്നെ പലരും സ്ഥലത്ത് സ്ഥിരതാമസക്കാരുമല്ല. വിദഗ്ദ്ധ, അവിദഗ്ദ്ധ, അർദ്ധവിദഗ്ദ്ധ വിഭാഗങ്ങളിലായി ഈ വീട്ടുകാർക്ക് മാത്രമായി 43672 രൂപ പണിക്കൂലിയും നൽകിയതായാണ് രേഖ സൂചിപ്പിക്കുന്നത്.