മറയൂർ: മൂന്നാർ- മറയൂർ സംസ്ഥാന പാതയുടെ നവീകരണത്തിന് വേണ്ടി മറയൂർ ബാബുനഗറിൽ ടാറിംഗ് പ്ലാന്റ് സ്ഥാപിച്ചു. 19. 8 കോടി രൂപ ചിലവിലാണ് 40 കിലോമീറ്റർ ദൂരം ബി.എം ആന്റ് ബി.സി സംവിധാനത്തിൽ (റബറൈസ്ഡ്) പാതയുടെ നവീകരണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതിയിട്ടിട്ടുള്ളത്. മറയൂരിലെ പ്ലാന്റിൽ നിന്ന് ടാറിംഗ് സാധന സാമഗ്രികൾ മൂന്നാർ വരെ എത്തിച്ചാണ് ടാറിംഗ് നടത്തുന്നത്. തമിഴ്നാട്ടിൽ പഴനിക്കടുത്ത് മടുത്തു കുളത്ത് നിന്ന് ടാറിംഗിനാവശ്യമായ മെറ്റിലുകളും ചിപ്സും മറയൂർ പ്ലാന്റിൽ എത്തി കൊണ്ടിരിക്കുന്നു. റബറൈസ്ഡ് ടാറിംഗിന് ചിപ്സ് ഒരുക്കുന്ന വലിയ പ്ലാന്റും സ്ഥാപിച്ചു കഴിഞ്ഞു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി ടാറിംഗ് പണി പൂർത്തീകരിക്കാനുള്ള ശ്രമമാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തു വരുന്നത്. സംരക്ഷണഭിത്തികളുടെ നിർമ്മാണവും ഇതിനോടൊപ്പം നടക്കും. മറയൂർ- ചിന്നാർ റോഡിന്റെ ടാറിംഗ് പണി പൂർത്തീകരിച്ചു. 4.2 കോടി രൂപയുടെ ടാറിംഗാണ് 16 കിലോമീറ്റർ നീളുന്ന സംസ്ഥാന പാതയിൽ നടന്നത്. മറയൂർ മൂന്നാർ സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയാകുന്നതോടെ മൂന്നാറിലേക്കും മറയൂരിലേക്കും എത്തുന്ന സഞ്ചാരികളുടെ യാത്ര സുഗമമാകും.