വണ്ടിപ്പെരിയാർ: പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച സംഭവത്തിൽ മൂന്നു യുവാക്കളെ വണ്ടിപ്പെരിയാർ എസ്.ഐ എം.പി. സാഗറും സംഘവും അറസ്റ്റു ചെയ്തു. അണയ്ക്കൽ സ്വദേശികളായ വിഘ്‌നേശ് (21), മണികണ്ഠൻ (20), തേങ്ങാക്കൽ സ്വദേശി വിമൽ (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫീസിന് പിന്നിൽ നമ്പർ പ്ളേറ്റ് ഇല്ലാതെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് വണ്ടി കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിൽ എറണാകുളം സ്വദേശിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മൂന്നു യുവാക്കളെത്തി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ചു കൊണ്ടുപോയത്. നേരത്തെ ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്തതിന് ഇവർ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ജാമ്യത്തിൽ ഇറക്കാൻ എത്തിയപ്പോഴാണ് മൂന്നു യുവാക്കൾ ചേർന്നു സ്റ്റേഷൻ പരിസരത്തു സൂക്ഷിച്ചിരുന്ന മറ്റൊരു ബൈക്കുമായി കടന്നു കളഞ്ഞത്.