തൊടുപുഴ: നഗരസഭയുടെ താക്കോൽ സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിന് വീണ്ടും കളമൊരുങ്ങുന്നു. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ അദ്ധ്യക്ഷയ്ക്ക് പകരക്കാരിയെ കണ്ടെത്താനുള്ള മത്സരം 18ന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിൽ മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ഇരുമുന്നണികളും ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 35 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- എട്ട് എന്നതാണ് കക്ഷിനില. ആരുമായും കൂട്ടുചേരാതെ ബി.ജെ.പി സ്വന്തം നിലയിൽ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതോടെ മറ്റ് രണ്ടുകൂട്ടരും തമ്മിലായി മത്സരം. ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷമുള്ള യു.ഡി.എഫ് ആദ്യം അധികാരത്തിലെത്തി. ഘടകക്ഷികൾ തമ്മിലുള്ള പങ്കുവെയ്പ്പിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ രണ്ട് വർഷം മുസ്ലീം ലീഗിനും അടുത്ത രണ്ടുവർഷം കേരള കോൺഗ്രസിനും അവസാനവർഷം കോൺഗ്രസിനും എന്നായിരുന്നു ധാരണ. ഇതനുസരിച്ച് മുസ്ലീം ലീഗിന്റെ ഊഴം അവസാനിച്ചതിനെ തുടർന്ന് നടത്തിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗവും വൈസ് ചെയർമാനുമായ ടി.കെ. സുധാകൻ നായരുടെ വോട്ട് അസാധുവായതോടെ യു‌.ഡി.എഫ് 13 ലേക്ക് ചുരുങ്ങി. അതേസമയം ഇടതുമുന്നണി തങ്ങളുടെ 13 വോട്ടും സാധുവായി നിലനിർത്തുകയും ചെയ്തു. അങ്ങനെ സമനില പാലിച്ച സ്ഥാനാർത്ഥികളുടെ പേര് നറുക്കിട്ടപ്പോൾ ഇടതുമുന്നണിയുടെ മിനി മധു വിജയിക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം മിനി മധുവിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി യു.ഡി.എഫ് പകരം വീട്ടിയ ഒഴിവിലാണ് 18 ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

യു.ഡി.എഫിൽ വീണ്ടും പടലപിണക്കം

ശേഷിക്കുന്ന കാലാവധിയുടെ വീതം വയ്പ്പിനെ ചൊല്ലി യു.ഡി.എഫിൽ ചില പൊട്ടലും ചീറ്റലുമുണ്ടെന്ന വാർത്ത ഇടത് ക്യാമ്പിൽ പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. ആദ്യത്തെ രണ്ട് വർഷത്തിനുശേഷം രാജിവെയ്ക്കേണ്ടിയിരുന്ന മുസ്ലീം ലീഗ് രണ്ടരവർഷം കഴിഞ്ഞാണ് ഇറങ്ങിയത്. അങ്ങനെ ആറ് മാസം നഷ്ടമായി. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ വൈസ് ചെയർമാന്റെ വോട്ട് അസാധുവായതോടെ ഏഴ് മാസം ഭരണചക്രം ഇടതുമുന്നണിയുടെ പക്കലായി. ഇനി ഭരണം തിരികെ പിടിച്ചാലും മുൻ ധാരണ അനുസരിച്ച് കേരള കോൺഗ്രസിന് രണ്ട് വർഷവും കോൺഗ്രസിന് ഒരു വർഷവും അധികാരം കിട്ടണം. പക്ഷേ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ നിലവിലുള്ള ഭരണസമിതിക്ക് കലാവധി തീരാൻ ഇനി 21 മാസം മാത്രമാണുള്ളത്. അതുകൊണ്ട് രണ്ടുഘട്ടങ്ങളിലായി നഷ്ടപ്പെട്ട 13 മാസം ആരുടെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കണമെന്ന കാര്യത്തിലാണ് യു.ഡി.എഫിലെ അഭിപ്രായ വ്യത്യാസം. പാർലമെന്ററി പാർട്ടിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസിന് അർഹമായ രണ്ടുവർഷം വിട്ടുകൊടുത്താൽ കോൺഗ്രസിന് അവസരമില്ലാതാകും. അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്. എതിർപാളയത്തിൽ ചേരിപ്പോര് രൂക്ഷമാവുകയാണെങ്കിൽ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.