kinar
വിഷം കലർത്തിയ കുളം പോലീസ് പരിശോധിക്കുന്നു

ചെറുതോണി: നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിയിലെ കുളത്തിൽ സാമൂഹിക വിരുദ്ധർ വിഷം കലർത്തി. പഞ്ചായത്തും സ്വകാര്യവ്യക്തിയും തമ്മിൽ കഴിഞ്ഞ ആറ് വർഷമായി തർക്കത്തിൽ കിടക്കുന്നതാണ് കുളം. ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് കുളത്തിൽ വിഷം കലർത്തിയത്. കുളത്തിലെ വെള്ളം സ്ഥിരമായി ഉപയോഗിക്കുന്ന ചേലച്ചുവട് യൂണിയൻ ബാങ്കിലെ ജീവനക്കാരൻ ചൊവ്വാഴ്ച രാവിലെ കുളത്തിൽ നിന്ന് വെള്ളമെടുക്കാനെത്തിയപ്പോൾ രൂക്ഷ ഗന്ധം അനുഭവപ്പെട്ടു. തുടർന്ന് വെള്ളമെടുത്ത് മുഖം കഴുകിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിശദമായ പരിശോധനയിൽ ചെറുമീനുകളും തവളകളും ചത്തുപൊങ്ങിയതായി കണ്ടു. തുടർന്ന് കഞ്ഞിക്കുഴി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. കഞ്ഞിക്കുഴിയിൽ നിന്ന് മെഡിക്കൽ ഓഫീസറെത്തി വിശദ പരിശോധനയ്ക്കായി കുളത്തിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. 2006-2007 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി ഏഴു ലക്ഷം രൂപ മുടക്കി പൊതുജനങ്ങൾക്കായി നിർമ്മിച്ചതാണ് കുളം. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്റർ അനുസരിച്ച് ചുരുളി ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കും സമീപത്തുള്ള മുപ്പതോളം കുടുംബങ്ങൾക്കും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നതിനാണ് കുളമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി സ്വകാര്യ വ്യക്തി സ്വന്തം സ്ഥലം കുളം നിർമ്മിക്കാനായി പഞ്ചായത്തിന് വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട് കുളം ഉൾപ്പെടുന്ന 50 സെന്റ് പട്ടയസ്ഥലം മറ്റൊരാൾക്ക് സ്ഥലമുടമ വിറ്റു. പുരയിടത്തിലുള്ള കുളം പഞ്ചായത്തിന്റേതാണെന്ന് മറച്ചുവച്ചാണ് കച്ചവടം ചെയ്തതെന്ന് പറയപ്പെടുന്നു. സ്ഥലം വാങ്ങിയ സ്വകാര്യ വ്യക്തി നാട്ടുകാർ വെള്ളം എടുക്കുന്നത് തടഞ്ഞു. കുടിവെള്ളം കിട്ടാതായതോടെ നാട്ടുകാർ ഓംബുഡ്സ്മാനെ സമീപിച്ചു. ഓംബുഡ്സ്മാന്റെ വിധിയെ തുടർന്ന് കുളം നാട്ടുകാർക്ക് തുറന്നു കൊടുത്തതായി പഞ്ചായത്ത് അധികൃതർ പറയുന്നു. ഇതിനെതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു. കോടതി പലതവണ നോട്ടീസ് അയച്ചിട്ടും കുളത്തിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥവകാശം സംബന്ധിച്ച് വ്യക്തമായ രേഖ തെളിവുകൾ സഹിതം ഹാജരാക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്ന് സ്ഥലമുടമ പറയുന്നു. കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു.